

ക്രിസ്മസ് ആഘോഷ കാലത്ത് ഹോബാര്‍ട്ടില്‍ അനുഭവപ്പെടുന് തിരക്ക് നിയന്ത്രിക്കുന്നതിനായി അധിക ഫെറി സര്‍വീസുകളും സൗജന്യ പാര്‍ക്ക് ആന്‍ഡ് റൈഡ് ഷട്ടില്‍ സര്‍വീസും ആരംഭിക്കുന്നു. ഡിസംബർ 8 മുതല്‍ 24 വരെ ബല്ലറീവ്–ബ്രൂക്ക് സ്ട്രീറ്റ് പിയര്‍ റൂട്ടില്‍ പ്രവൃത്തി ദിവസങ്ങളില്‍ 11 അധിക ഫെറി സര്‍വീസുകളാണ് സിറ്റി ഓഫ് ഹോബാര്‍ട്ട് ആരംഭിക്കുന്നത്.
വൈകുന്നേരം 6:10 നും വൈകുന്നേരം 7 നും ഇടയിലുള്ള രണ്ട് പുതിയ വൈകുന്നേര സർവീസുകൾ ആളുകളെ നഗരത്തിൽ കൂടുതൽ നേരം തങ്ങാൻ അനുവദിക്കും, വൈകുന്നേരം 6:30 തിരിച്ചു പോകുന്നതിനുള്ള ഒരു റിട്ടേണ്‍ സര്‍വീസും ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ക്രിസ്മസ് വ്യാപാരകാലത്തെ ഗതാഗതക്കുരുക്കു കുറയ്ക്കുകയും വ്യാപാര മേഖലയെ സഹായിക്കുകയും ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സര്‍വീസ് വിപുലീകരണമെന്ന് നഗരസഭ അറിയിച്ചു.
റഗാറ്റ ഗ്രൗണ്ട്സ് പാര്‍ക്ക് ആന്‍ഡ് റൈഡ് സംവിധാനവും ഇത്തവണ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. ഇവിടെ സൗജന്യ പാര്‍ക്കിംഗും നഗരത്തിലേക്കും വാട്ടര്‍ഫ്രണ്ടിലേക്കും പോകുന്നതിനുള്ള സൗജന്യ ഷട്ടില്‍ ബസ് സര്‍വീസും ലഭ്യമാകും. ഈ സംവിധാനം തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കും. രാവിലെ 9:15 മുതല്‍ വൈകിട്ട് 6 വരെ പാര്‍ക്കിംഗ് സൗകര്യം ലഭ്യമായിരിക്കും. ഷട്ടില്‍ സര്‍വീസ് രാവിലെ 9:30 മുതല്‍ വൈകിട്ട് 5:30 വരെയാണ്.
അധിക ഫെറി സര്‍വീസുകള്‍ക്കുള്ള ചെലവുകള്‍ നഗരസഭ വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ ഇന്‍-കൈന്‍ഡ് പിന്തുണയും നല്‍കുന്നുണ്ട്. ഹോബാര്‍ട്ടിലെ ഉള്‍നഗര പ്രദേശങ്ങളില്‍ വാഹന ആശ്രിതത്വം കുറയ്ക്കുന്നതിനുള്ള നഗരസഭയുടെ ഗതാഗത നയത്തിന്റെ ഭാഗമാണ് ഈ പദ്ധതി.