ഫ്രെൻഡ്സ് സ്കൂളിലെ സ്റ്റാഫ് അംഗത്തിനെതിരെ വീഡിയോകളുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് നടപടി
ഹോബാർട്ട്: ഹോബാർട്ടിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ ഫ്രെൻഡ്സ് സ്കൂളിലെ സ്റ്റാഫ് അംഗത്തിനെതിരെ ബാലപീഡന വീഡിയോകളുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് നടപടി. ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 57 വയസുകാരനായ സൗത്ത് ഹോബാർട്ട് സ്വദേശി ഒരു കമ്മ്യൂണിക്കേഷൻ സേവനം ഉപയോഗിച്ച് ബാലപീഡന വീഡിയോകൾ ആക്‌സസ് ചെയ്തതായി കണ്ടെത്തി.
ഫെഡറൽ പൊലീസ് നൽകിയ പ്രസ്താവന പ്രകാരം അമേരിക്കയിലെ നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയ്റ്റഡ് ചിൽഡ്രൻ ഫെബ്രുവരി മുതൽ ജൂലൈ വരെയായി നൽകിയ മൂന്ന് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. സൗത്ത് ഹോബാർട്ടിലും നോർത്ത് ഹോബാർട്ടിലും വീട്ടിൽ നടത്തിയ റെയ്ഡിൽ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു.
ആരോപിതനെ ഫെബ്രുവരി 17-ന് കോടതിയിൽ ഹാജരാക്കും.
ഫ്രെൻഡ്സ് സ്കൂളിന്റെ പ്രിൻസിപ്പൽ എസ്റർ ഹിൽ രക്ഷിതാക്കൾക്ക് അയച്ച ഇമെയിലിൽ, പ്രതിയായ നോൺ-ടീച്ചിംഗ് സ്റ്റാഫ് അംഗത്തെ അന്വേഷണത്തെ തുടർന്ന് സസ്പെൻഡ് ചെയ്തതായി അറിയിച്ചു.