വൻ ജനകീയ പ്രതിഷേധത്തിനിടയിലും അനുമതി; ബെൽ ബേയിൽ 288 മെഗാവാട്ട് AI ഡാറ്റാ സെന്റർ വരുന്നു

അയ്യായിരത്തിലധികം പേർ ഒപ്പിട്ട ഭീമഹർജി നൽകിയെങ്കിലും പ്ലാനിംഗ് നിയമങ്ങൾ പാലിച്ച് 19 കർശന നിബന്ധനകളോടെ കൗൺസിൽ അനുമതി നൽകുകയായിരുന്നു.
AI
എ.ഐSteve Johnson/ Unsplash
Published on

ഹോബാർട്ട്: പ്രദേശവാസികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ശക്തമായ പ്രതിഷേധങ്ങൾ നിലനിൽക്കെ, ടാസ്മാനിയയിലെ ബെൽ ബേയിൽ നിർദ്ദിഷ്ട 288 മെഗാവാട്ട് എഐ ഡാറ്റാ സെന്ററിന് ജോർജ്ജ് ടൗൺ കൗൺസിൽ അംഗീകാരം നൽകി. ഫേമസ് ടെക്നോളജീസ് നിർമ്മിക്കുന്ന ഈ കൂറ്റൻ ഡാറ്റാ ഇൻഫ്രാസ്ട്രക്ചർ പദ്ധതി പൂർത്തിയാകുന്നതോടെ, ബെൽ ബേ അലുമിനിയം പ്ലാന്റിനെ മറികടന്ന് ടാസ്മാനിയയിലെ ഏറ്റവും വലിയ ഒറ്റത്തവണ വൈദ്യുതി ഉപഭോക്താവായി ഈ കേന്ദ്രം മാറും.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ രണ്ട് വലിയ ഡാറ്റാ ഹാളുകൾ, സബ്സ്റ്റേഷൻ, ജലദുരുപയോഗം കുറയ്ക്കുന്ന റീസർക്കുലേറ്റിംഗ് കൂളിംഗ് സിസ്റ്റം, 276 ബാക്കപ്പ് ഡീസൽ ജനറേറ്ററുകൾ എന്നിവ ഉൾപ്പെടുന്നു. വൈദ്യുതി-ജല ഉപയോഗം, ശബ്ദമലിനീകരണം, പരിസ്ഥിതി ആഘാതം എന്നിവ മുൻനിർത്തി അയ്യായിരത്തിലധികം പേർ ഒപ്പിട്ട ഭീമഹർജി നൽകിയെങ്കിലും പ്ലാനിംഗ് നിയമങ്ങൾ പാലിച്ച് 19 കർശന നിബന്ധനകളോടെ കൗൺസിൽ അനുമതി നൽകുകയായിരുന്നു. വൻകിട എഐ നിക്ഷേപങ്ങൾ ടാസ്മാനിയയിലേക്ക് വരുന്നത് സ്വാഗതാർഹമാണെന്ന് പ്രീമിയർ ജെറമി റോക്ക്‌ലിഫ് വ്യക്തമാക്കിയപ്പോൾ, പദ്ധതിയിൽ സുതാര്യതയില്ലെന്നും ഡാറ്റാ സെന്ററുകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഗ്രീൻസ് പാർട്ടി രംഗത്തെത്തി.

Metro Australia
maustralia.com.au