

ഹോബാർട്ട്: തസ്മാനിയയിൽ ശക്തമായ ശീതതരംഗം വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ പ്രധാന പാതയായ മിഡ്‌ലാന്റ് ഹൈവേയിലും (Midland Highway) തലസ്ഥാനമായ ഹോബാർട്ടിന്റെ ഉയർന്ന പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (BOM) മുന്നറിയിപ്പ്. സമുദ്രനിരപ്പിൽ നിന്ന് 500 മീറ്ററോളം ഉയരത്തിലുള്ള മിഡ്‌ലാന്റ് ഹൈവേയുടെ ചില ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഗതാഗതം തടസ്സപ്പെടാൻ വലിയ സാധ്യതയുണ്ടെന്ന് മുതിർന്ന കാലാവസ്ഥാ വിദഗ്ദ്ധ ബെലിൻഡ ഹൗസ് വ്യക്തമാക്കി. 2020 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് ഈ പാതയിൽ മഞ്ഞുവീഴ്ച മൂലം ഗതാഗതം തടസ്സപ്പെടാൻ പോകുന്നത്.
ബുധനാഴ്ച രാത്രിയോടെ ആരംഭിക്കുന്ന തണുത്ത കാറ്റ് വ്യാഴാഴ്ച വരെ തുടരുമെന്നും, സമുദ്രനിരപ്പിൽ നിന്ന് 400 മുതൽ 500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച ശക്തമാകുമെന്നുമാണ് പ്രവചനം. തസ്മാനിയയിലെ ചില പ്രവചന മോഡലുകൾ അനുസരിച്ച് മഞ്ഞുവീഴ്ച 200 മീറ്റർ വരെ താഴ്ന്ന പ്രദേശങ്ങളിലേക്ക് പടരാനും സാധ്യതയുണ്ട്. ഹോബാർട്ടിലെ പ്രധാന ഉയർന്ന പ്രാന്തപ്രദേശങ്ങളായ ഫേൺ ട്രീ , മൗണ്ട് നെൽസൺ എന്നിവിടങ്ങളിലും ഹിമപാതം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ബി.ഒ.എം വ്യക്തമാക്കുന്നു. ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.