

ഹോബാർട്ട്: ടാസ്മാനിയയ്ക്കും അന്റാർട്ടിക്കയ്ക്കും മധ്യേ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന സംരക്ഷിത ദ്വീപായ മക്വാറി ഐലൻഡിൽ എച്ച്5 (H5) പക്ഷിപ്പനി സ്ഥിരീകരിച്ചു. ദ്വീപിലെ സതേൺ എലിഫന്റ് സീൽ , കെൽപ് ഗൾ എന്നിവയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. ടാസ്മാനിയൻ പരിധിയിൽ ഒരു സമുദ്ര സസ്തനിയിൽ പക്ഷിപ്പനി വൈറസ് സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണെന്ന് പരിസ്ഥിതി മന്ത്രി ഗൈ ബാർനെറ്റ് വ്യക്തമാക്കി.
ദ്വീപിലെ പെൻഗ്വിനുകൾ, സ്കുവകൾ, ജയന്റ് പെട്രലുകൾ തുടങ്ങിയ മറ്റ് മൂന്ന് പക്ഷിയിനങ്ങളുടെ സാമ്പിളുകൾ നെഗറ്റീവാണെന്നും നിലവിൽ വന്യജീവികൾക്കിടയിൽ കൂട്ടമരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഫെഡറൽ കൃഷി മന്ത്രി ജൂലി കോളിൻസ് പാർലമെന്റിനെ അറിയിച്ചു. സ്ഥിരീകരിച്ച സാമ്പിളുകൾ കൂടുതൽ സൂക്ഷ്മ പരിശോധനയ്ക്കായി സിഎസ്ഐആർഒ (CSIRO) ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. ഏകദേശം 40 ലക്ഷത്തോളം കടൽ പക്ഷികളും ഒരു ലക്ഷത്തോളം സീലുകളും അധിവസിക്കുന്ന യുനെസ്കോ ലോക പൈതൃക കേന്ദ്രമാണ് മക്വാറി ഐലൻഡ്.
പ്രജനന കാലമായതിനാൽ സീലുകൾ കൂട്ടത്തോടെ തീരങ്ങളിൽ ഒത്തുചേരുന്ന ഈ സമയത്ത് രോഗവ്യാപനം അതിവേഗത്തിലാകാൻ സാധ്യതയുണ്ടെന്ന് സമുദ്രജീവി വിദഗ്ദ്ധർ ആശങ്കപ്പെടുന്നു. നേരത്തെ ഹേർഡ് ഐലൻഡിൽ പക്ഷിപ്പനി പടർന്നുപിടിച്ചതിനെത്തുടർന്ന് പതിമൂവായിരത്തിലധികം എലിഫന്റ് സീൽ കുഞ്ഞുങ്ങൾ ചത്തൊടുങ്ങിയിരുന്നു. സമാനമായ രീതിയിൽ ഇവിടെയും വ്യാപനമുണ്ടായാൽ കുഞ്ഞുങ്ങളുടെ മരണനിരക്ക് 90 ശതമാനം വരെ ഉയർന്നേക്കാമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ അസുഖബാധിതരായതോ ചത്തതോ ആയ പക്ഷികളെ കാണുന്നപക്ഷം തൊടരുതെന്നും അടിയന്തര മൃഗരോഗ ഹെൽപ്പ്ലൈനിൽ വിളിച്ച് അറിയിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.