തീപ്പിടിത്തം: മാനസികാരോഗ്യ ക്ലിനിക്കിലെ 19 കിടക്കകളും നശിച്ചു

തീപിടിത്തമുണ്ടാകുമ്പോൾ ക്ലിനിക്കിലെ 19 കിടക്കകളും രോഗികളെ കൊണ്ട് നിറഞ്ഞിരുന്നതായി ഹെൽത്ത് ആൻഡ് കമ്മ്യൂണിറ്റി സർവീസസ് യൂണിയൻ (HACSU) പ്രതിനിധി റോബി മൂർ പറഞ്ഞു.
തീപ്പിടിത്തം: മാനസികാരോഗ്യ ക്ലിനിക്കിലെ 19 കിടക്കകളും നശിച്ചു
(Tasmanian government)
Published on

ബേർണി: തീപ്പിടിത്തത്തെ തുടർന്ന് സ്പെൻസർ ക്ലിനിക് പ്രവർത്തനം നിർത്തിയതോടെ വടക്കുപടിഞ്ഞാറൻ ടാസ്മാനിയയിലെ മാനസികാരോഗ്യ ചികിത്സാ സംവിധാനത്തിൽ കിടക്കകളുടെ കടുത്ത ക്ഷാമം. തീപിടിത്തമുണ്ടാകുമ്പോൾ ക്ലിനിക്കിലെ 19 കിടക്കകളും രോഗികളെ കൊണ്ട് നിറഞ്ഞിരുന്നതായി ഹെൽത്ത് ആൻഡ് കമ്മ്യൂണിറ്റി സർവീസസ് യൂണിയൻ (HACSU) പ്രതിനിധി റോബി മൂർ പറഞ്ഞു. കഴിഞ്ഞ 12 മാസത്തിൽ ഭൂരിഭാഗം സമയവും ക്ലിനിക് അനുവദനീയ ശേഷിയേക്കാൾ കൂടുതൽ രോഗികളുമായാണ് പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

താൽക്കാലിക സംവിധാനത്തിന്റെ ഭാഗമായി സ്പെൻസർ ക്ലിനിക്കിലെ രോഗികളെ നോർത്ത് വെസ്റ്റ് പ്രൈവറ്റ് ഹോസ്പിറ്റലിലേക്കും ലൗൺസെസ്റ്റൺ ജനറൽ ഹോസ്പിറ്റലിലേക്കും മാറ്റി. ചില രോഗികളെ പിന്നീട് റോയൽ ഹോബാർട്ട് ഹോസ്പിറ്റലിലേക്കും മാറ്റും. എന്നാൽ ഈ രണ്ട് പൊതു ആശുപത്രികളും നിലവിൽ പൂർണ ശേഷിയിലാണ് പ്രവർത്തിക്കുന്നതെന്ന് മൂർ ചൂണ്ടിക്കാട്ടി. അതിനാൽ നിലവിലെ സാഹചര്യം കൈകാര്യം ചെയ്യാൻ ആവശ്യമായ കിടക്കകൾ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. “ഭാവിയിൽ ചികിത്സ ആവശ്യമുള്ളവർക്കും വലിയ ബുദ്ധിമുട്ടുകൾ തുടരും,” മൂർ പറഞ്ഞു.

തീപ്പിടിത്തം: മാനസികാരോഗ്യ ക്ലിനിക്കിലെ 19 കിടക്കകളും നശിച്ചു
(Tasmanian government)

ശനിയാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ ക്ലിനിക്കിലെ ജീവനക്കാർ കടുത്ത മാനസിക സമ്മർദത്തിലായതായും അദ്ദേഹം പറഞ്ഞു. ഫ്രണ്ട്‌ലൈൻ ജീവനക്കാരെ കാണുന്നതിനായി മൂർ ഇന്ന് ബേർണിയിലേക്ക് പോകും. രോഗികളെ എങ്ങനെ പിന്തുണയ്ക്കണം, ജീവനക്കാർക്ക് ആവശ്യമായ സഹായവും സംഭവത്തിന് ശേഷമുള്ള മാനസിക പിന്തുണയും നൽകണം തുടങ്ങിയ കാര്യങ്ങളിൽ ജീവനക്കാർ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. കിടക്കകളുടെ ക്ഷാമം പരിഹരിക്കുന്നതിന് ഹോസ്പിറ്റൽ-ഇൻ-ദി-ഹോം പോലുള്ള സംവിധാനങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യം മാനസികാരോഗ്യ മേഖലയിൽ ഇത്തരം അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ശേഷിക്കുറവ് വ്യക്തമാക്കുന്നതാണെന്നും മൂർ പറഞ്ഞു. അതേസമയം, പ്രദേശത്ത് മാനസികാരോഗ്യ പ്രതിസന്ധി നേരിടുന്നവർ നോർത്ത് വെസ്റ്റ് റീജിയണൽ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗത്തെ സമീപിക്കുകയോ അടിയന്തര സാഹചര്യത്തിൽ ട്രിപ്പിൾ സീറോയിൽ വിളിക്കുകയോ ചെയ്യണമെന്ന് ആരോഗ്യവകുപ്പും HACSUവും അറിയിച്ചു.

പുതിയ ക്ലിനിക്ക് വേഗത്തിലാക്കാൻ ശ്രമം

തീപിടിത്തത്തെ തുടർന്ന് സ്പെൻസർ ക്ലിനിക്കിന് ദീർഘകാലത്തേക്ക് രോഗികളെ ചികിത്സിക്കാൻ കഴിയില്ലെന്നാണ് കരുതുന്നത്. നിലവിലെ ക്ലിനിക്ക് വീണ്ടും തുറക്കാനാകുമോ എന്ന കാര്യത്തിൽ ഇപ്പോൾ പറയാൻ കഴിയില്ലെന്ന് ടാസ്മാനിയൻ ആരോഗ്യ സെക്രട്ടറി ഡെയ്ൽ വെബ്‌സ്റ്റർ പറഞ്ഞു. ബിൽഡിങ് സർവേയർമാർക്കും ഇൻഷുറൻസ് വിലയിരുത്തൽ സംഘത്തിനും കെട്ടിടം പരിശോധിക്കാൻ അവസരം ലഭിച്ച ശേഷമേ ക്ലിനിക്കിന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. തീപിടിത്തത്തിൽ ആർക്കും പരിക്കേൽക്കാത്തത് ആശ്വാസകരമാണെന്നും ജീവനക്കാരും അടിയന്തര സേവന വിഭാഗങ്ങളും വേഗത്തിൽ നടത്തിയ ഇടപെടലിലൂടെ കൂടുതൽ നാശനഷ്ടം ഒഴിവാക്കാനായെന്നും വെബ്‌സ്റ്റർ പറഞ്ഞു. രോഗികളെ വീടിനടുത്തുതന്നെ ചികിത്സിക്കാൻ കഴിയുന്ന ദീർഘകാല സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള നടപടികളും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. നിലവിലെ സ്പെൻസർ ക്ലിനിക്കിന് പകരം 40 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ ചെലവിൽ പുതിയ മാനസികാരോഗ്യ കേന്ദ്രം നിർമിക്കാനുള്ള പദ്ധതി സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2028 മധ്യത്തോടെ പുതിയ കേന്ദ്രത്തിൽ 22 രോഗികൾക്കുള്ള സൗകര്യം ഒരുക്കാനാണ് പദ്ധതി. നിശ്ചയിച്ച 2028 മധ്യത്തിലെ സമയപരിധിക്ക് മുമ്പുതന്നെ പുതിയ യൂണിറ്റ് പ്രവർത്തനസജ്ജമാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് വെബ്‌സ്റ്റർ പറഞ്ഞു.

Metro Australia
maustralia.com.au