ഓക്‌ലൻഡ്-ഹോബാർട്ട് സർവീസുകൾ പുനരാരംഭിച്ച് എയർ ന്യൂസിലൻഡ്; വിമാന സർവീസുകളിൽ 27 ശതമാനം വർദ്ധനവ്

പല ആഗോള എയർലൈനുകളും വിമാന സർവീസുകൾ വെട്ടിച്ചുരുക്കുമ്പോൾ ഹോബാർട്ടിലേക്ക് കൂടുതൽ സർവീസുകൾ വരുന്നത് സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ കരുത്താകുമെന്ന് ഇൻഫ്രാസ്ട്രക്ചർ-ഗതാഗത മന്ത്രി കെറി വിൻസെന്റ്
Air New Zealand
Air New ZealandPulse Tasmania
Published on: 

ഹോബാർട്ട്: വേനൽക്കാല സീസണിന് മുന്നോടിയായി ഓക്‌ലൻഡിനും ഹോബാർട്ടിനും ഇടയിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ കൂടുതൽ സീറ്റുകളോടെ എയർ ന്യൂസിലൻഡ് (Air New Zealand) പുനരാരംഭിച്ചു. 2026-27 സീസണിലെ ആദ്യ വിമാനം 195 യാത്രക്കാരുമായി ഇന്ന് ഹോബാർട്ട് എയർപോർട്ടിൽ ഇറങ്ങി. മുൻ വർഷത്തെ അപേക്ഷിച്ച് സർവീസുകളുടെ എണ്ണത്തിൽ 27 ശതമാനവും (36 വിമാനങ്ങൾ കൂടുതൽ) സീറ്റ് ശേഷിയിൽ 28 ശതമാനവും (7,268 സീറ്റുകൾ കൂടുതൽ) വർദ്ധനവാണ് ഇത്തവണ ഏർപ്പെടുത്തിയിട്ടുള്ളത്.

ഈ സീസണിൽ ആകെ 170 വിമാന സർവീസുകളിലായി 33,000-ലധികം സീറ്റുകൾ ലഭ്യമാക്കുമെന്ന് ടാസ്മാനിയൻ സർക്കാർ അറിയിച്ചു. പല ആഗോള എയർലൈനുകളും വിമാന സർവീസുകൾ വെട്ടിച്ചുരുക്കുമ്പോൾ ഹോബാർട്ടിലേക്ക് കൂടുതൽ സർവീസുകൾ വരുന്നത് സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ കരുത്താകുമെന്ന് ഇൻഫ്രാസ്ട്രക്ചർ-ഗതാഗത മന്ത്രി കെറി വിൻസെന്റ് വ്യക്തമാക്കി. ടാസ്മാനിയയിൽ എത്തുന്ന ഓരോ വിനോദസഞ്ചാരിയും ശരാശരി 2,700 ഡോളറോളം (പ്രതിദിനം ഏകദേശം 294 ഡോളർ) ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെയ് മാസം വരെ നീളുന്ന ഈ സീസണിൽ നിലവിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ ഉണ്ടാകും. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് സർവീസ് ആഴ്ചയിൽ നാലായി വർദ്ധിപ്പിക്കുമെന്ന് ഹോബാർട്ട് എയർപോർട്ട് പ്രതിനിധി മാറ്റ് കോക്കർ അറിയിച്ചു.

മുൻവർഷങ്ങളിൽ ഈ റൂട്ടിൽ യാത്ര ചെയ്തവരിൽ 65 ശതമാനവും ന്യൂസിലൻഡ് പൗരന്മാരും, 12 ശതമാനം പേർ ഓക്‌ലൻഡ് വഴി എത്തിയ യുഎസ് യാത്രക്കാരുമായിരുന്നു. വരും വർഷങ്ങളിൽ സീസൺ ഒൻപത് മാസമായി ദീർഘിപ്പിക്കാനും, ഹോങ്കോംഗ്, സിംഗപ്പൂർ വഴിയുള്ള നേരിട്ടുള്ള ഏഷ്യൻ സർവീസുകൾ ആരംഭിക്കാനും ഹോബാർട്ട് എയർപോർട്ട് ചർച്ചകൾ നടത്തിവരികയാണ്.

Metro Australia
maustralia.com.au