AI ഫാക്ടറികൾക്കെതിരെ ജനരോഷം; ജല-വൈദ്യുതി ഉപയോഗത്തിലും ശബ്ദ മലിനീകരണത്തിലും വിശദീകരണം

ഫിർമസ് നിലവിൽ ലോൺസെസ്റ്റണിലെ സെന്റ് ലിയോനാർഡ്സിൽ ആദ്യ എഐ ഫാക്ടറിയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ഇത് അടുത്ത വർഷം ആദ്യം പ്രവർത്തനക്ഷമമാകും.
AI
എ.ഐSteve Johnson/ Unsplash
Published on

ഹോബാർട്ട്: വടക്കൻ ടാസ്മാനിയയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അത്യാധുനിക എഐ ഫാക്ടറികൾ സൃഷ്ടിച്ചേക്കാവുന്ന ശബ്ദമലിനീകരണം, അമിത ജല-വൈദ്യുതി വിനിയോഗം എന്നിവയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ കടുത്ത ആശങ്കകളെയും പ്രതിഷേധങ്ങളെയും തള്ളിക്കളഞ്ഞ് ആഗോള ടെക് കമ്പനിയായ 'ഫിർമസ് ടെക്നോളജീസ്' (Firmus Technologies). തങ്ങളുടെ അത്യാധുനിക ഡാറ്റാ സെന്ററുകൾ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം ഒരു ലൈബ്രറിക്കുള്ളിലെ നിശബ്ദതയേക്കാൾ കുറവായിരിക്കുമെന്നും, പദ്ധതി സംസ്ഥാനത്തെ ഐടി മേഖലയിലേക്ക് യുവാക്കളെ ആകർഷിക്കുമെന്നും ഫിർമസ് കോ-സിഇഒ ഒലിവർ കർട്ടിസ് വ്യക്തമാക്കി.

ഫിർമസ് നിലവിൽ ലോൺസെസ്റ്റണിലെ സെന്റ് ലിയോനാർഡ്സിൽ ആദ്യ എഐ ഫാക്ടറിയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ഇത് അടുത്ത വർഷം ആദ്യം പ്രവർത്തനക്ഷമമാകും. ഇതിനുപുറമെ ജോർജ്ജ് ടൗണിനടുത്തുള്ള ബെൽ ബേ, , വെസ്‌ലി വേൽ എന്നിവിടങ്ങളിലും പുതിയ പ്ലാന്റുകൾക്കായി കമ്പനി അപേക്ഷ നൽകിയിട്ടുണ്ട്. ഈ മൂന്ന് കേന്ദ്രങ്ങളിലുമായി 400 മെഗാവാട്ടിലധികം വൈദ്യുതിയാണ് ആവശ്യമായി വരിക. ഇത് ടാസ്മാനിയയിലെ ഏറ്റവും വലിയ ഊർജ്ജ ഉപഭോഗമുള്ള പദ്ധതിയായി മാറും. ഇതിനെതിരെയാണ് 'റോവല്ല' ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ താമസക്കാർ കടുത്ത ആശങ്കയുമായി രംഗത്തെത്തിയത്. വലിയ കൂളിംഗ് ഇൻഫ്രാസ്ട്രക്ചറുകൾ സൃഷ്ടിക്കുന്ന ശബ്ദവും, വൻതോതിലുള്ള ജലചൂഷണവും പരിസ്ഥിതിയെ ബാധിക്കുമെന്നാണ് ഇവരുടെ പരാതി.

നിവാസികളുടെ ആശങ്കകളും കമ്പനിയുടെ മറുപടിയും:

ശബ്ദമലിനീകരണം: മാധ്യമങ്ങളിൽ ജനങ്ങൾ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെ കമ്പനി ഔദ്യോഗിക റിപ്പോർട്ട് പുറത്തുവിട്ടു. ഡാറ്റാ സെന്ററുകളിൽ നിന്നുള്ള ശബ്ദം കേവലം 30.5 ഡെസിബെൽ (ഒരു രഹസ്യം പറയുന്നതിന് തുല്യം) മാത്രമായിരിക്കുമെന്നും 1 മുതൽ 2 കിലോമീറ്റർ അകലെയുള്ള നിവാസികൾക്ക് ഇത് ഒട്ടും ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും കമ്പനി ഉറപ്പുനൽകുന്നു.

ജല ഉപയോഗം: ബെൽ ബേ പ്രൊജക്റ്റിനായി പ്രതിവർഷം 19.2 മില്യൺ ലിറ്റർ വെള്ളമാണ് ആവശ്യപ്പെട്ടിട്ടുള്ളതെങ്കിലും ഡ്രൈ-കൂളിംഗ് (Dry cooling) സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് വഴി ഇതിന്റെ പകുതിയിൽ താഴെ മാത്രമേ വേണ്ടി വരൂ. സെന്റ് ലിയോനാർഡ്സ് പ്ലാന്റിൽ ഒരു സാധാരണ റെസ്റ്റോറന്റ് ഉപയോഗിക്കുന്നതിനേക്കാൾ കുറഞ്ഞ വെള്ളം (3.3 മില്യൺ ലിറ്റർ) മാത്രമേ ഉപയോഗിക്കൂ എന്നും സിഇഒ ടിം റോസൻഫീൽഡ് (Tim Rosenfield) പറഞ്ഞു.

പുനരുപയോഗ ഊർജ്ജം : കടുത്ത വൈദ്യുതി ആവശ്യകത പരിഹരിക്കാൻ ടാസ്മാനിയൻ ഊർജ്ജ വിതരണക്കാരായ 'അറോറ'യുമായി ചേർന്ന് ഹീട്രോ പവർ (Hydro energy) ഉപയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി ഗ്രിഡ് ഇൻഫ്രാസ്ട്രക്ചറുകൾ സ്വയം ഫണ്ട് ചെയ്യുമെന്നും പീക്ക് സമയങ്ങളിൽ ബാക്ക്-അപ്പ് ജനറേറ്ററുകളിലേക്ക് മാറി ഗ്രിഡിന്റെ സമ്മർദ്ദം കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു.

ഈ വൻകിട പ്രൊജക്റ്റുകൾ വഴി സെന്റ് ലിയോനാർഡ്സിൽ 52-ഉം, ബെൽ ബേയിൽ 144-ഉം, വെസ്‌ലി വേലിൽ 20-ഉം ഉൾപ്പെടെ നിരവധി സ്ഥിരമായ സാങ്കേതിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും, ജനങ്ങളുടെ സംശയങ്ങൾ നേരിട്ട് തീർക്കാൻ വെബിനാറുകളും വ്യക്തിഗത കൂടിക്കാഴ്ചകളും നടത്തുമെന്നും ഫിർമസ് മാനേജ്മെന്റ് അറിയിച്ചു.

Metro Australia
maustralia.com.au