

സിഡ്‌നി: ന്യൂ സൗത്ത് വെയിൽസ് (NSW) കോടതികളുടെ ഓൺലൈൻ രജിസ്ട്രി വെബ്‌സൈറ്റിൽ നിന്ന് അനധികൃതമായി ആയിരക്കണക്കിന് അതീവ രഹസ്യ രേഖകൾ ചോർത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ ദുരുപയോഗം ചെയ്ത കേസിൽ സിഡ്‌നി സ്വദേശിക്കെതിരെ വിചാരണ ആരംഭിച്ചു. ക്രിസ്റ്റോഫർ ജോൺ ഡഫ് (40) എന്നയാളാണ് കേസിൽ പ്രതിസ്ഥാനത്തുള്ളത്. ചാറ്റ്ജിപിടി ഉപയോഗിച്ച് പൈത്തൺ സ്ക്രാപ്പർ കോഡിംഗ് നിർമ്മിക്കുകയും, അത് വഴി കോടതി പോർട്ടലിൽ നിന്ന് 8,769 സുപ്രധാന ഫയലുകൾ ബൾക്കായി ഡൗൺലോഡ് ചെയ്യുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ. ഓസ്‌ട്രേലിയൻ നീതിന്യായ ചരിത്രത്തിൽ ജനറേറ്റീവ് എഐ ചാറ്റ് സംഭാഷണങ്ങൾ തെളിവായി കോടതിയിൽ ഹാജരാക്കുന്ന ആദ്യ കേസുകളിലൊന്നാണിത്.
സുഹൃത്തിന്റെ പാപ്പരത്തക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനാണ് പ്രതി വെബ്‌സൈറ്റിൽ കടന്നുകയറിയത്. തുടർന്ന് തന്റെ അക്കൗണ്ട് അധികൃതർ മരവിപ്പിച്ചപ്പോൾ, താൻ ചെയ്തത് ക്രിമിനൽ കുറ്റമാണോയെന്നും പോലീസ് പിടികൂടിയാൽ ചോദ്യം ചെയ്യലിൽ എന്തൊക്കെ പറയണമെന്നും ഇയാൾ ചാറ്റ്ജിപിടിയോട് നിയമോപദേശം തേടുകയും ചെയ്തു. ഈ ചാറ്റ് ഹിസ്റ്ററികളും ഫോറൻസിക് തെളിവുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ നിയമവിരുദ്ധമായാണ് കാര്യങ്ങൾ ചെയ്തതെന്ന് പ്രതിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നും, സംഭവത്തിന് ശേഷമുള്ള സംശയങ്ങൾ മാത്രമാണ് ചാറ്റിൽ ഉണ്ടായിരുന്നതെന്നും പ്രതിഭാഗം വാദിച്ചു. പതിനായിരത്തിലധികം പേജുകളുള്ള തെളിവ് രേഖകൾ പരിശോധിക്കേണ്ടതിനാൽ വിചാരണ മറ്റൊരു തീയതിയിലേക്ക് മാറ്റി.