

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഏറ്റവും തിരക്കേറിയ സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് ആഴ്ചയ്ക്കിടെ വീണ്ടും വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. റൺവേയിലൂടെ അതിവേഗം പറന്നുയരാൻ ശ്രമിച്ച വെർജിൻ ഓസ്‌ട്രേലിയ (Virgin Australia) വിമാനത്തിന് മുന്നിലേക്ക് ക്വാന്റാസ് (Qantas) വിമാനം അപ്രതീക്ഷിതമായി കടന്നുവന്നതാണ് അപകടസാഹചര്യം സൃഷ്ടിച്ചത്. ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ (ATSB) സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചു.
പേർത്തിലേക്ക് പോകാൻ റൺവേ 34L-ൽ നിന്ന് ടേക്ക്-ഓഫിനായി വേഗത കൂട്ടിയ വെർജിൻ ഓസ്‌ട്രേലിയ VA555 വിമാനത്തിലെ പൈലറ്റുമാരാണ് തങ്ങൾക്ക് മുന്നിലൂടെ ക്വാന്റാസ് QF728 വിമാനം റൺവേ കുറുകെ കടക്കുന്നത് ശ്രദ്ധിച്ചത്. പൈലറ്റ് ഉടനടി എമർജൻസി ബ്രേക്ക് പ്രയോഗിച്ച് വിമാനം നിർത്തുകയായിരുന്നു. റൺവേ മുറിച്ചുകടക്കാൻ എയർ ട്രാഫിക് കൺട്രോളിൽ (ATC) നിന്ന് അനുമതി ലഭിച്ചിരുന്നുവെന്നാണ് ക്വാന്റാസ് ക്രൂ അറിയിച്ചത്. ഞായറാഴ്ച തന്നെ ജെറ്റ്‌സ്റ്റാർ വിമാനവും ഖത്തർ എയർവേയ്‌സ് വിമാനവും റൺവേയിൽ കൂട്ടിയിടിക്കുന്നതിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. എയർ ട്രാഫിക് കൺട്രോളർമാരുടെ രൂക്ഷമായ ക്ഷാമവും ജീവനക്കാരുടെ അമിത ജോലിഭാരവുമാണ് സിഡ്‌നി വിമാനത്താവളത്തിലെ തുടർച്ചയായ പിഴവുകൾക്ക് കാരണമെന്ന ആരോപണം ശക്തമായിട്ടുണ്ട്.