ചരിത്രം കുറിച്ച് ഓസ്‌ട്രേലിയ; കരസേനാ മേധാവിയായി ആദ്യമായി ഒരു വനിത എത്തുന്നു

നിലവിൽ 'ചീഫ് ഓഫ് ജോയിന്റ് കേപ്പബിലിറ്റീസ്' ആയി പ്രവർത്തിച്ചു വരികയാണവർ.
Lieutenant General Susan Coyle
ലഫ്റ്റനന്റ് ജനറൽ സൂസൻ കോയ്ലിource : DW
Published on

കാൻബറ: ഓസ്‌ട്രേലിയൻ പ്രതിരോധ സേനയുടെ ചരിത്രത്തിൽ നിർണ്ണായകമായ നേതൃമാറ്റം പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ. ഓസ്‌ട്രേലിയൻ കരസേനയുടെ (Army) പുതിയ മേധാവിയായി ലഫ്റ്റനന്റ് ജനറൽ സൂസൻ കോയ്ലിനെ (Susan Coyle) നിയമിച്ചു. ഇതോടെ ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ ഏതെങ്കിലും ഒരു വിഭാഗത്തെ നയിക്കുന്ന ആദ്യ വനിത എന്ന റെക്കോർഡ് 55-കാരിയായ സൂസൻ കോയ്ലിന് സ്വന്തമാകും. നിലവിലെ കരസേനാ മേധാവി സൈമൺ സ്റ്റുവർട്ടിന് പകരക്കാരിയായി ജൂലൈയിൽ അവർ ചുമതലയേൽക്കും.

17-ാം വയസ്സിൽ സൈന്യത്തിൽ ചേർന്ന സൂസൻ കോയ്ലിന് സൈബർ യുദ്ധമുറകളിലും സീനിയർ കമാൻഡ് റോളുകളിലും ദീർഘകാലത്തെ പരിചയസമ്പത്തുണ്ട്. നിലവിൽ 'ചീഫ് ഓഫ് ജോയിന്റ് കേപ്പബിലിറ്റീസ്' ആയി പ്രവർത്തിച്ചു വരികയാണവർ. "ഒരാൾക്ക് താൻ കാണാത്ത ഒന്നായി മാറാൻ കഴിയില്ല" (You cannot be what you cannot see) എന്ന സൂസന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലസ് ഈ നിയമനത്തെ പ്രശംസിച്ചു. സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഈ തീരുമാനം വലിയ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരസേനയിലെ മാറ്റത്തിന് പുറമെ, പ്രതിരോധ സേനാ മേധാവിയായി (Chief of Defence Force) വൈസ് അഡ്മിറൽ മാർക്ക് ഹാമ്മണ്ടിനെ നിയമിച്ചു. നിലവിൽ നാവികസേനാ മേധാവിയായ അദ്ദേഹം, ആണവ അന്തർവാഹിനികൾ സ്വന്തമാക്കാനുള്ള ഓസ്‌ട്രേലിയയുടെ 'ഓക്കസ്' (AUKUS) കരാറിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ്. 2030-ഓടെ സൈന്യത്തിലെ വനിതാ പങ്കാളിത്തം 25 ശതമാനമായി ഉയർത്താനാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്. നിലവിൽ 21 ശതമാനമാണ് സൈന്യത്തിലെ സ്ത്രീ സാന്നിധ്യം.

Related Stories

No stories found.
Metro Australia
maustralia.com.au