ഓസ്‌ട്രേലിയയിൽ വൻകിട AI ഡാറ്റാ സെന്ററിനെതിരെ വിദ്യാർത്ഥി പ്രക്ഷോഭം

രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 162 ഡാറ്റാ സെന്ററുകൾക്ക് പുറമെ 90 എണ്ണം കൂടി പുതുതായി വരാനിരിക്കെയാണ് 'പ്രൊട്ടക്ട് സൺഷൈൻ കോസ്റ്റ്' എന്ന പേരിൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയയിൽ വൻകിട AI ഡാറ്റാ സെന്ററിനെതിരെ വിദ്യാർത്ഥി പ്രക്ഷോഭം
ABC Sunshine Coast: Oliver Wykeham
Published on

മാരൂച്ചിഡോർ (സൺഷൈൻ കോസ്റ്റ്): ഓസ്‌ട്രേലിയയെ ലോകത്തെ മുൻനിര നിർമ്മിത ബുദ്ധി (AI) ശക്തിയാക്കി മാറ്റാനുള്ള സർക്കാർ നീക്കങ്ങൾക്കിടയിൽ, ക്വീൻസ്‌ലാന്റിലെ സൺഷൈൻ കോസ്റ്റിൽ നിർമ്മാണം പുരോഗമിക്കുന്ന 200 മില്യൺ ഡോളറിന്റെ മെഗാ ഡാറ്റാ സെന്ററിനെതിരെ (Data Centre) കടുത്ത പ്രതിഷേധവുമായി വിദ്യാർത്ഥി കൂട്ടായ്മകൾ. മാരൂച്ചിഡോർ സിറ്റി സെന്ററിൽ നിർമ്മിക്കുന്ന അഞ്ച് നിലകളുള്ള 'NEXTDC SC2' ഡാറ്റാ സെന്റർ പരിസ്ഥിതിക്കും യുവതലമുറയുടെ തൊഴിൽ സാധ്യതകൾക്കും വൻ ഭീഷണിയാകുമെന്നാണ് വിദ്യാർത്ഥികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ആക്ഷേപം.

രാജ്യത്തുടനീളം നിലവിൽ പ്രവർത്തിക്കുന്ന 162 ഡാറ്റാ സെന്ററുകൾക്ക് പുറമെ 90 എണ്ണം കൂടി പുതുതായി വരാനിരിക്കെയാണ് റെഗുലേഷനുകൾ കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് 'പ്രൊട്ടക്ട് സൺഷൈൻ കോസ്റ്റ്' എന്ന പേരിൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. വൻതോതിൽ വൈദ്യുതിയും കമ്പ്യൂട്ടറുകൾ തണുപ്പിക്കാനായി ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളവും കുടിച്ചൊടുക്കുന്ന ഇത്തരം ഹൈപ്പർസ്കെയിൽ ഡാറ്റാ സെന്ററുകളെ 'ഊർജ്ജ വാമ്പയറുകൾ' എന്നാണ് ഗ്രീൻസ് പാർട്ടി വിശേഷിപ്പിച്ചത്. ഓസ്‌ട്രേലിയയിലെ ആകെ വൈദ്യുതി ഉൽപാദനത്തിന്റെ 2 ശതമാനത്തോളം (7 ലക്ഷത്തിലധികം വീടുകൾക്ക് ആവശ്യമായ ഊർജ്ജം) നിലവിൽ ഇത്തരം ഡാറ്റാ സെന്ററുകൾ മാത്രമാണ് ഉപയോഗിക്കുന്നത്.

തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ യുവതലമുറ

സാങ്കേതികവിദ്യയുടെ വളർച്ചയോടെ ഭാവിയിൽ തങ്ങളുടെ തൊഴിൽ സാധ്യതകൾ ഇല്ലാതാകുമോ എന്ന ആശങ്കയാണ് സമരത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന 16 വയസ്സുകാരി റൂബി ഡയർ പറഞ്ഞു. "പല പ്രൊഫഷനുകളിലും ആളുകൾക്ക് ജോലി നഷ്ടപ്പെടുകയോ പകരം എഐ വരികയോ ചെയ്യുകയാണ്. ഞങ്ങൾ പഠിച്ചിറങ്ങുമ്പോൾ വിപണിയിൽ ജോലികൾ ബാക്കിയുണ്ടാകുമോ എന്ന് ഭയമുണ്ട്," റൂബി വ്യക്തമാക്കി. എഐ സാങ്കേതികവിദ്യയുടെ അമിത ഉപയോഗം കാരണം സ്വയം ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും ശേഷിയില്ലാത്ത ഒരു പുതിയ തലമുറയിലെ ഡോക്ടർമാരും വക്കീലന്മാരുമാണോ ഇനി വരാൻ പോകുന്നതെന്ന് സമരത്തിൽ പങ്കെടുത്ത യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി കേറ്റ് മക്ഗീച്ചൻ ചോദ്യമുയർത്തി.

എന്നാൽ, മനുഷ്യർക്ക് ചെയ്യാൻ മടിയുള്ളതും അപകടകരവുമായ ജോലികൾ ചെയ്യാൻ എഐ ഉപയോഗിക്കുന്നത് വഴി ശാസ്ത്ര ഗവേഷണങ്ങൾക്കും സർഗ്ഗാത്മകമായ കാര്യങ്ങൾക്കും മനുഷ്യർക്ക് കൂടുതൽ സമയം ലഭിക്കുമെന്ന് സാങ്കേതികവിദ്യ വിദഗ്ദ്ധയായ ഡോ. എറിക്ക മീലി ചൂണ്ടിക്കാട്ടി. ഈ ഡാറ്റാ സെന്റർ വരുന്നതോടെ ഗ്രാമീണ ക്വീൻസ്‌ലാന്റിലെ ആരോഗ്യ മേഖലയിലുൾപ്പെടെ വൻ പുരോഗതിയും വേഗതയേറിയ ക്ലൗഡ് സേവനങ്ങളും ലഭ്യമാകുമെന്നാണ് സൺഷൈൻ കോസ്റ്റ് കൗൺസിലിന്റെ വാദം. ഗൂഗിൾ, നെക്സ്റ്റ്ഡിസി എന്നിവയുമായുള്ള ഈ പങ്കാളിത്തം പ്രദേശത്തിന്റെ ഡിജിറ്റൽ സുരക്ഷിതത്വവും സാമ്പത്തിക വളർച്ചയും ഉറപ്പാക്കുമെന്നും ഈ കേന്ദ്രം കാർബൺ ന്യൂട്രൽ ആയിരിക്കുമെന്നും കൗൺസിൽ വക്താവ് അറിയിച്ചു. എങ്കിലും പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നതിനെതിരെ വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയ കാമ്പെയ്നുകളുമായി സമരം ശക്തമാക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

Metro Australia
maustralia.com.au