ഓസ്‌ട്രേലിയയിൽ ഇന്ധനവില വീണ്ടും കുറയും; നികുതി ഇളവ് ലിറ്ററിന് 32 സെന്റായി വർദ്ധിപ്പിച്ചു

ഇന്ധനവില വർദ്ധിച്ചതിലൂടെ ജിഎസ്ടി ഇനത്തിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്നുവെച്ചാണ് ഈ ആനുകൂല്യം ജനങ്ങളിലേക്ക് എത്തിക്കുന്നത്.
ഓസ്‌ട്രേലിയയിൽ ഇന്ധനവില വീണ്ടും കുറയും; നികുതി ഇളവ് ലിറ്ററിന് 32 സെന്റായി വർദ്ധിപ്പിച്ചു
ABC News: Chris Lewis
Published on

കാൻബറ: ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയയിൽ ഇന്ധന നികുതിയിൽ വീണ്ടും കുറവ് വരുത്താൻ സംസ്ഥാന-ഫെഡറൽ സർക്കാരുകൾ ധാരണയിലെത്തി. ഇന്ധനവില വർദ്ധിച്ചതിലൂടെ ജിഎസ്ടി ഇനത്തിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്നുവെച്ചാണ് ഈ ആനുകൂല്യം ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇതോടെ ഇന്ധന നികുതിയിലെ ആകെ കുറവ് ലിറ്ററിന് 32 സെന്റായി ഉയരും.

നേരത്തെ ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച 26.3 സെന്റ് ഇളവിന് പുറമെ, സംസ്ഥാന സർക്കാരുകൾ തങ്ങൾക്ക് ലഭിക്കേണ്ട 400 മില്യൺ ഡോളറിന്റെ അധിക ജിഎസ്ടി വരുമാനം ഉപയോഗിച്ച് 5.7 സെന്റ് കൂടി കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ജൂൺ 30 വരെയായിരിക്കും ഈ ഇളവ് പ്രാബല്യത്തിലുണ്ടാകുക. വെസ്റ്റേൺ ഓസ്‌ട്രേലിയൻ പ്രീമിയർ റോജർ കുക്കിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് സംസ്ഥാനങ്ങൾ ഈ തീരുമാനമെടുത്തത്. ഈ തീരുമാനം കുടുംബങ്ങൾക്കും കർഷകർക്കും ബിസിനസ്സുകൾക്കും വലിയ ആശ്വാസമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ധന നികുതി കുറയ്ക്കുന്നതിന് പുറമെ, ട്രക്ക് ഡ്രൈവർമാരെയും ചരക്കുനീക്ക കമ്പനികളെയും സഹായിക്കുന്നതിനായി ഒരു ബില്യൺ ഡോളറിന്റെ 'ഇക്കണോമിക് റെസിലിയൻസ് പ്രോഗ്രാം' (Economic Resilience Program) പ്രധാനമന്ത്രി ആന്തണി അൽബാനിസി പ്രഖ്യാപിച്ചു. ഈ പദ്ധതിയിലൂടെ ഇന്ധന-വള നിർമ്മാതാക്കൾക്കും ട്രാൻസ്‌പോർട്ട് കമ്പനികൾക്കും പലിശരഹിത വായ്പകൾ ലഭ്യമാക്കും. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലെ വർദ്ധനവ് ഓസ്‌ട്രേലിയൻ വിപണിയെ ബാധിക്കുന്നത് തടയാൻ ഈ നടപടികൾ സഹായിക്കുമെന്ന് ട്രഷറർ ജിം ചാൽമേഴ്സ് വ്യക്തമാക്കി.

Related Stories

No stories found.
Metro Australia
maustralia.com.au