ഹാലോവീൻ ആഘോഷത്തിനിടെ ദുരന്തം; അഡ്‌ലെയ്ഡിൽ ഹോട്ടൽ ബാൽക്കണിയിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

പൈപ്പിലൂടെ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീഴുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ ദി അഡ്വർടൈസറിനോട് പറഞ്ഞു. പൈപ്പിന്റെ തകർന്ന ഭാഗം ഞായറാഴ്ച രാവിലെ സംഭവസ്ഥലത്ത് കണ്ടെത്തിയിരുന്നു.
ഹാലോവീൻ ആഘോഷത്തിനിടെ യുവതിയുടെ ദാരുണാന്ത്യം: അഡ്‌ലെയ്ഡിൽ ദുരന്തം
(Picture: Charlie Dadds)
Published on: 

അഡ്‌ലെയ്ഡിൽ ഹോട്ടൽ കെട്ടിടത്തിൽനിന്ന് താഴേക്ക് വീണ് ഇരുപതുകാരിയായ യുവതിക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലർച്ചെ നാലുമണിക്ക് ശേഷമാണ് നഗരമധ്യത്തിലുള്ള റോസ്‌മോണ്ട് ഹോട്ടലിൽ അപകടമുണ്ടായത്. ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമായി നിരവധി പേർ ഹോട്ടലിന് സമീപം ഒത്തുകൂടിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ഹാലോവീൻ ആഘോഷിക്കാനെത്തിയ യുവതി ഡ്രെയിൻ പൈപ്പിലൂടെ മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഹിൻഡ്‌ലി സ്ട്രീറ്റും മോർഫെറ്റ് സ്ട്രീറ്റും ചേരുന്ന ഭാഗത്താണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.

അടിയന്തര സേവനവിഭാഗം സ്ഥലത്തെത്തി യുവതിക്ക് രക്ഷാപ്രവർത്തനവും അടിയന്തര ചികിത്സയും നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൈപ്പിലൂടെ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീഴുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ ദി അഡ്വർടൈസറിനോട് പറഞ്ഞു. പൈപ്പിന്റെ തകർന്ന ഭാഗം ഞായറാഴ്ച രാവിലെ സംഭവസ്ഥലത്ത് കണ്ടെത്തിയിരുന്നു. സംഭവസമയത്ത് സമീപത്തെ മറ്റൊരു സ്ഥലത്ത് സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയായിരുന്ന 27-കാരനായ ജോഷ് ഹ്യൂസ് പൈപ്പ് പൊട്ടുന്ന ശബ്ദം കേട്ടാണ് ഓടിയെത്തിയത്. യുവതിയുടെ കൈകളിൽ പിടിച്ച് പ്രതികരിക്കുന്നുണ്ടോയെന്ന് പരിശോധിച്ചെന്നും ഉടൻ ആംബുലൻസിനെ വിളിച്ചെന്നും അദ്ദേഹം പറഞ്ഞു.

Also Read
വീണ്ടും അധികാരത്തിലെത്തിയാൽ വിക്ടോറിയയിൽ 20 സൗജന്യ ദന്തചികിത്സാ കേന്ദ്രങ്ങൾ തുറക്കുമെന്ന് ലേബർ
ഹാലോവീൻ ആഘോഷത്തിനിടെ യുവതിയുടെ ദാരുണാന്ത്യം: അഡ്‌ലെയ്ഡിൽ ദുരന്തം

വർഷത്തിലെ ഏറ്റവും തിരക്കേറിയ രാത്രികളിലൊന്നായ ഹാലോവീൻ ആഘോഷത്തിനിടെയുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്നവർ പകർത്തിയിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ ഇത്തരം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ പങ്കുവയ്ക്കരുതെന്ന് ദക്ഷിണ ഓസ്‌ട്രേലിയൻ പൊലീസ് അഭ്യർഥിച്ചു. യുവതിയുടെയും കുടുംബത്തിന്റെയും സ്വകാര്യതയും മാന്യതയും മാനിക്കണമെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. യുവതിയുടെ മരണത്തിൽ അസ്വാഭാവികത സംശയിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് സംസ്ഥാന കൊറോണറിന് കൈമാറും. ഞായറാഴ്ച രാവിലെയും ഹോട്ടലിന് ചുറ്റും പൊലീസ് നിയന്ത്രണവും സുരക്ഷാ വലയവും തുടർന്നിരുന്നു.