ദക്ഷിണ ഓസ്‌ട്രേലിയയിൽ കടൽജീവികൾക്ക് കൂട്ടനാശം; പായൽ പെരുകിയതിന് പിന്നിലെ കാരണങ്ങൾ

സൗത്ത് ഓസ്‌ട്രേലിയൻ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പ്രമുഖ സർവ്വകലാശാലകൾ നടത്തിയ സംയുക്ത പഠനത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
Algal Bloom
ആൽഗകളുടെ വർധവ്USGS/ Unsplash
Published on

അഡ്ലെയ്ഡ്: ദക്ഷിണ ഓസ്‌ട്രേലിയൻ തീരങ്ങളിൽ 400-ലധികം കടൽജീവികളുടെ വംശനാശത്തിനും വൻതോതിലുള്ള നാശനഷ്ടങ്ങൾക്കും കാരണമായ അപൂർവ്വ വിഷപായൽ (Harmful Algal Bloom) വ്യാപനത്തെക്കുറിച്ച് പുതിയ കണ്ടെത്തലുകളുമായി ശാസ്ത്രജ്ഞർ. പ്രദേശത്ത് പ്രകൃതിദത്തമായി നിലനിന്നിരുന്ന 'കരേനിയ ക്രിസ്റ്റാറ്റ' എന്ന സൂക്ഷ്മപായലുകളാണ് കടുത്ത വിഷാംശം പുറന്തള്ളി പ്രദേശത്തെ സർവ്വ ജീവജാലങ്ങൾക്കും ഭീഷണിയായി മാറിയത്. സൗത്ത് ഓസ്‌ട്രേലിയൻ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പ്രമുഖ സർവ്വകലാശാലകൾ നടത്തിയ സംയുക്ത പഠനത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.

മൂന്ന് പ്രധാന പാരിസ്ഥിതിക ഘടകങ്ങൾ ഒത്തുചേർന്നതാണ് പായലുകൾ അതിവേഗം പെരുകാൻ കാരണമായതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു:

നദീജല പ്രവാഹം: 2023-ലെ റിവർ മുറെവെള്ളപ്പൊക്കത്തെ തുടർന്ന് വലിയ തോതിൽ നൈട്രജനും ഫോസ്ഫറസും കലർന്ന ജലം സമുദ്രത്തിലേക്ക് ഒഴുകിയെത്തിയത് പായലുകൾക്ക് വളരാൻ അനുകൂല സാഹചര്യമൊരുക്കി.

കോസ്റ്റൽ അപ്വെല്ലിംഗ്: സമുദ്രത്തിന് അടിത്തട്ടിലുള്ള പോഷകസമൃദ്ധമായ തണുത്ത വെള്ളം മേൽത്തട്ടിലേക്ക് ഉയർന്നു വന്നത് പായലുകളുടെ വളർച്ചയ്ക്ക് ആക്കം കൂട്ടി.

മറൈൻ ഹീറ്റ്‌വേവ്: സമുദ്രോപരിതലത്തിലെ താപനിലയിലുണ്ടായ അസ്വാഭാവിക വർദ്ധനവ് ഈ വിഷപായലുകൾ വളരെ വേഗത്തിൽ പെരുകാൻ കാരണമായി.

മത്സ്യങ്ങൾ, സ്രാവുകൾ, ആമകൾ, മറ്റ് അപൂർവ്വ കടൽജീവികൾ എന്നിവ തീരത്തേക്ക് ചത്തടിഞ്ഞത് പ്രദേശത്തെ മത്സ്യബന്ധനം, അക്വാകൾച്ചർ, ടൂറിസം മേഖലകളെയും രൂക്ഷമായി ബാധിച്ചു. സമുദ്ര താപനില ഉയരുന്ന സാഹചര്യത്തിൽ ഭാവിയിൽ ഇത്തരം അപകടകരമായ അൽഗൽ ബ്ലൂമുകൾ തടയാൻ സമഗ്രമായ നിരീക്ഷണം അത്യാവശ്യമാണെന്ന് ശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നു.

Metro Australia
maustralia.com.au