

അഡ്‌ലെയ്ഡ്: പുരുഷന്മാരിലെ വർദ്ധിച്ചുവരുന്ന മാനസികാരോഗ്യ വെല്ലുവിളികൾ, ഉയർന്ന ആത്മഹത്യാ നിരക്ക്, സോഷ്യൽ മീഡിയ അൽഗോരിതങ്ങളുടെ ദോഷകരമായ സ്വാധീനം എന്നിവ സമഗ്രമായി പരിശോധിക്കാൻ ലക്ഷ്യമിട്ട് സൗത്ത് ഓസ്‌ട്രേലിയൻ സർക്കാർ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചു. 15 മുതൽ 44 വയസ്സ് വരെയുള്ളവരുടെ മരണത്തിന് പ്രധാന കാരണം ആത്മഹത്യയാണെന്നും, സ്ത്രീകളേക്കാൾ മൂന്നിരട്ടി പുരുഷന്മാരാണ് ഇത്തരത്തിൽ ജീവനൊടുക്കുന്നതെന്നും ആരോഗ്യമന്ത്രി ബ്ലെയർ ബോയർ വ്യക്തമാക്കി. 2026-ലും ഈ സ്ഥിതി തുടരുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആൻഡ്രൂ ടേറ്റിനെപ്പോലുള്ള തീവ്ര പുരുഷത്വവാദികൾ നയിക്കുന്ന ഓൺലൈൻ ഗ്രൂപ്പുകളും സോഷ്യൽ മീഡിയ അൽഗോരിതങ്ങളും യുവാക്കളുടെ മാനസികാരോഗ്യത്തെയും കാഴ്ചപ്പാടുകളെയും തകിടം മറിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ലേബർ എംഎൽസി ഹിൽട്ടൺ ഗംബിസ് അധ്യക്ഷനാകുന്ന സമിതിയിൽ വിവിധ കക്ഷി പ്രതിനിധികൾ അംഗങ്ങളാകും. പുരുഷന്മാർ സഹായം തേടാൻ മടിക്കുന്ന സാഹചര്യം ഒഴിവാക്കാനും വിഷാദരോഗം കൃത്യസമയത്ത് തിരിച്ചറിയാനും സ്പോർട്സ് ക്ലബ്ബുകൾ, മെൻസ് ഷെഡുകൾ എന്നിവ വഴി ആവശ്യമായ പിന്തുണ ഉറപ്പാക്കാനുമുള്ള നിർദ്ദേശങ്ങൾ സമിതി സമർപ്പിക്കും.