

അഡ്‌ലെയ്ഡ്: കൃത്യസമയത്ത് ലഭിച്ച സമൃദ്ധമായ ശീതകാല മഴയുടെ കരുത്തിൽ സൗത്ത് ഓസ്‌ട്രേലിയയിൽ 2026-ലെ കാർഷിക വിളവെടുപ്പിന് ആവേശകരമായ തുടക്കം. ചരിത്രത്തിലെ ഏറ്റവും മികച്ച വിളവുകളിൽ ഒന്നാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. വെസ്റ്റ് കോസ്റ്റിലെ ചാരയിൽ (Charra) നിന്നുള്ള കർഷക കുടുംബം സെപ്റ്റംബർ 24-ന് തന്നെ തെവെനാർഡിലെ (Thevenard) സൈലോകളിലേക്ക് ബാർലി എത്തിച്ചുകൊണ്ട് ഈ സീസണിലെ ആദ്യ സംഭരണത്തിന് തുടക്കമിട്ടു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും നേരത്തെയുള്ള വിളവെടുപ്പാണിത്. ബാർലി ഹെക്ടറിന് നാല് ടൺ വരെ ഉത്പാദനം ലഭിക്കുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ.
സംസ്ഥാനത്തെ കാർഷിക മേഖലയിലുടനീളം ശരാശരിയിലും ഉയർന്ന ശീതകാല മഴയാണ് ഇത്തവണ ലഭിച്ചത്. റെക്കോർഡുകൾ തിരുത്തിക്കുറിച്ച മഴയെത്തുടർന്ന് പ്രൈമറി ഇൻഡസ്ട്രീസ് ആൻഡ് റീജിയൻസ് സൗത്ത് ഓസ്‌ട്രേലിയ (PIRSA) വിളവ് പ്രവചനം ഉയർത്തി നിശ്ചയിച്ചു. ഈ വർഷം 42.34 ലക്ഷം ഹെക്ടറിലായി വിതച്ച വിളകളിൽ നിന്ന് മൊത്തം 1.15 കോടി ടണ്ണിലധികം ധാന്യം വിളവെടുക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ധാന്യവിലയിലെ ഇടിവും ഡീസൽ, വളം എന്നിവയുടെ ഉയർന്ന ഇൻപുട്ട് ചെലവുകളും കർഷകർക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, ഉയർന്ന വിളവ് വഴി ഈ നഷ്ടം നികത്താനാകുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖല. വിളവെടുപ്പ് നേരത്തെ തുടങ്ങിയ പശ്ചാത്തലത്തിൽ വൻകിട സംഭരണ കമ്പനിയായ ബഞ്ചി (Bunge) വിദേശ തൊഴിലാളികൾ ഉൾപ്പെടെ 1,500 അധിക ജീവനക്കാരെ സംഭരണ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്.