

അഡിലെയ്ഡ്: സ്‌നോടൗൺ സീരിയൽ കൊലപാതകക്കേസിലെ പ്രതി ജെയിംസ് വ്ലാസാക്കിസിന് പരോൾ അനുവദിച്ചു. ദക്ഷിണ ഓസ്‌ട്രേലിയൻ പരോൾ ബോർഡ് നേരത്തെ എടുത്ത തീരുമാനത്തിന് നൽകിയ പുനഃപരിശോധനയിലും തീരുമാനം ശരിവെച്ചതോടെയാണ് വ്ലാസാക്കിസിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്. കഴിഞ്ഞ വർഷം തന്നെ വ്ലാസാക്കിസിന് പരോളിന് അർഹത ലഭിച്ചിരുന്നു. എന്നാൽ ദക്ഷിണ ഓസ്‌ട്രേലിയൻ സർക്കാർ ഇടപെട്ട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇന്നത്തെ പുനഃപരിശോധനാ യോഗത്തിലാണ് നേരത്തെയുള്ള തീരുമാനം നിലനിൽക്കുമെന്ന് വ്യക്തമാക്കിയത്.
1990കളിൽ നടന്ന കുപ്രസിദ്ധമായ സ്‌നോടൗൺ കൊലപാതകങ്ങളിൽ നാലെണ്ണത്തിൽ കുറ്റസമ്മതം നടത്തിയ വ്ലാസാക്കിസ് 27 വർഷമായി ജയിലിൽ കഴിയുകയാണ്. പരോളിന്റെ നിബന്ധനകളും മോചനത്തിന്റെ കൃത്യമായ സമയവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.