

അഡ്ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയൻ സർക്കാർ മുന്നോട്ടുവെച്ച 16 ശതമാനം ശമ്പള വർദ്ധനവ് ഓഫർ തള്ളി പൊതുമേഖലാ നഴ്‌സുമാരും മിഡ്‌വൈഫുമാരും. മൂന്ന് വർഷത്തിനുള്ളിൽ 16 ശതമാനം ശമ്പള വർദ്ധനവ് നൽകാമെന്ന വാഗ്ദാനം അംഗങ്ങൾക്ക് സ്വീകാര്യമല്ലെന്ന് ഓസ്‌ട്രേലിയൻ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി ഫെഡറേഷന്റെ സൗത്ത് ഓസ്‌ട്രേലിയൻ ബ്രാഞ്ച് അറിയിച്ചു.
യൂണിയൻ ഭാരവാഹികൾ ഓഫർ അംഗീകരിക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും ഭൂരിപക്ഷം അംഗങ്ങളും ഇതിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ വിഷയം അന്തിമ തീരുമാനത്തിനായി സൗത്ത് ഓസ്‌ട്രേലിയൻ എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലിന്റെ (SAET) ആർബിട്രേഷന് (Arbitration) വിടുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. സർക്കാരിന്റെ ഓഫർ ന്യായമായിരുന്നുവെന്നും വോട്ടിംഗ് ഫലം നിരാശാജനകമാണെന്നും ട്രഷറർ ടോം കൂട്ടാന്റോണിസ് (Tom Koutsantonis) പ്രതികരിച്ചു. അതേസമയം, ശമ്പള വർദ്ധനവിന് പുറമെ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, അമ്മമാർക്കൊപ്പം നവജാതശിശുക്കളെക്കൂടി ജീവനക്കാരുടെ ആനുപാതിക നിരക്കിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി നിയമപോരാട്ടം തുടരുമെന്ന് എ.എൻ.എം.എഫ് സി.ഇ.ഒ എലിസബത്ത് ദബാഴ്സ് വ്യക്തമാക്കി.