

കാൻബറ: യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ ഉൽപ്പന്നങ്ങൾക്ക് ഓസ്‌ട്രേലിയ ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങളിലെ ലൂപ്ഹോളുകൾ ചൂഷണം ചെയ്ത് വിപണിയിലേക്ക് റഷ്യൻ തടി വൻതോതിൽ എത്തുന്നതായി ആക്ഷേപം. ചൈന, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങൾ വഴി റൂട്ട് മാറ്റിയാണ് റഷ്യൻ തടികൾ ഓസ്‌ട്രേലിയൻ വിപണി കീഴടക്കുന്നത്. ഇത് തദ്ദേശീയ വനവിഭവ വ്യവസായ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നതായി 'ഓസ്‌ട്രേലിയൻ ഫോറസ്റ്റ് പ്രോഡക്ട്സ് അസോസിയേഷൻ' വെളിപ്പെടുത്തി.
2022 ഏപ്രിൽ മുതൽ റഷ്യ, ബെലാറസ് എന്നിവിടങ്ങളിൽ നിന്നുള്ള തടികൾക്ക് ഓസ്‌ട്രേലിയ 35 ശതമാനം കടുത്ത താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, റഷ്യയിൽ നിന്നുള്ള തടി ചൈനയിലെത്തിച്ച് അവിടെവെച്ച് പ്രോസസ്സ് ചെയ്ത് എൽ.വി.എൽ പോലുള്ള ഫർണിച്ചർ ഉൽപ്പന്നങ്ങളാക്കി മാറ്റുമ്പോൾ ഈ നികുതി നിയമപരമായി ഒഴിവാക്കാൻ സാധിക്കും. ഇത്തരത്തിൽ മറ്റ് രാജ്യങ്ങളുടെ ലേബലിൽ പ്രതിവർഷം ഒരു ലക്ഷം ക്യൂബിക് മീറ്ററിലധികം റഷ്യൻ തടി ഓസ്‌ട്രേലിയയിൽ എത്തുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. "ഓസ്‌ട്രേലിയൻ ജനത തങ്ങളുടെ വീട് നിർമ്മിക്കാൻ റഷ്യൻ തടി ഉപയോഗിക്കാനോ അതുവഴി യുക്രെയ്ൻ യുദ്ധത്തിന് ഫണ്ട് നൽകാനോ ആഗ്രഹിക്കുന്നില്ല," എ.എഫ്.പി.എ ആക്ടിങ് സി.ഇ.ഓ റിച്ചാർഡ് ഹൈറ്റ് വ്യക്തമാക്കി. നിലവിൽ ഓസ്‌ട്രേലിയൻ മില്ലുകളിൽ ആഭ്യന്തര ആവശ്യത്തിനുള്ള തടി കെട്ടിക്കിടക്കുമ്പോഴാണ് ചൈന വഴി എത്തുന്ന കുറഞ്ഞ വിലയുള്ള റഷ്യൻ തടികൾ പ്രാദേശിക വിപണിക്ക് ഭീഷണിയാകുന്നത്.
അനധികൃത ലോഗിങ്ങും സുരക്ഷാ പരിശോധനയും:
യുദ്ധത്തിന് മുൻപ് തന്നെ റഷ്യയിലെ അനധികൃത വനനശീകരണവും വ്യാജ തടി വ്യാപാരവും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നുവെന്ന് അഡ്‌ലെയ്ഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആൻഡ്രൂ ലോ പറഞ്ഞു. ഫോറസ്റ്റ് സ്റ്റീവാർഡ്ഷിപ്പ് കൗൺസിൽ (FSC) പോലുള്ള ആഗോള സംഘടനകൾ റഷ്യൻ തടികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നത് നിർത്തിവെച്ചിരിക്കുകയാണ്. തടികളുടെ ജനിതകഘടന പരിശോധിച്ചുകൊണ്ട് അത് റഷ്യൻ തടിയാണോ എന്ന് അതിർത്തിയിൽ വെച്ച് തന്നെ കണ്ടെത്താനുള്ള അതിവേഗ പരിശോധനാ സംവിധാനങ്ങൾ ഓസ്‌ട്രേലിയൻ അതിർത്തികളിൽ ഏർപ്പെടുത്തണമെന്നാണ് അസോസിയേഷന്റെ ആവശ്യം.
അതേസമയം, രാജ്യത്ത് നിലവിലുള്ള കടുത്ത ഭവനക്ഷാമം പരിഹരിക്കാനും വീട് നിർമ്മാണ ലക്ഷ്യങ്ങൾ കൈവരിക്കാനും വിദേശത്തുനിന്നുള്ള തടികൾ അനിവാര്യമാണെന്ന് ഹൗസിങ് ഇൻഡസ്ട്രി ഓസ്‌ട്രേലിയ സാമ്പത്തിക വിദഗ്ദ്ധൻ ടോം ദേവിത് ചൂണ്ടിക്കാട്ടി. ഇത്തരം ജിയോപൊളിറ്റിക്കൽ ഉപരോധങ്ങൾ കാരണം തടിയുടെ വില കൂടിയാൽ അത് സാധാരണക്കാരുടെ വീട് നിർമ്മാണ ചിലവ് വർദ്ധിപ്പിക്കും. അതിനാൽ നിർമ്മാണ മേഖലയിലെ മറ്റ് നികുതികൾ കുറയ്ക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറക്കുമതി ചെയ്യുന്ന തടികളുടെ സപ്ലൈ ചെയിൻ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്താൻ ഇംപോർട്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, താരിഫ് ലംഘനങ്ങളെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിദേശകാര്യ-വ്യാപാര മന്ത്രാലയം വ്യക്തമാക്കി.