കംഗാരു ദ്വീപിൽ പക്ഷിപ്പനി ബാധിച്ച് കടൽസിംഹം ചത്തു

ഷാർക്ക് ആക്രമണമല്ല, പക്ഷിപ്പനി ബാധയാണ് മരണകാരണമെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ദക്ഷിണ ഓസ്‌ട്രേലിയൻ പരിസ്ഥിതി മന്ത്രി എമിലി ബോർക്ക് പറഞ്ഞു.
കംഗാരു ദ്വീപിൽ പക്ഷിപ്പനി ബാധിച്ച് കടൽസിംഹം ചത്തു
(9 News)
Published on

ദക്ഷിണ ഓസ്‌ട്രേലിയയിലെ കംഗാരു ദ്വീപിൽ വംശനാശഭീഷണി നേരിടുന്ന ഓസ്‌ട്രേലിയൻ കടൽസിംഹം പക്ഷിപ്പനി ബാധിച്ച് ചത്തു. ദ്വീപിലെ പ്രധാന പ്രജനന കേന്ദ്രമായ സീൽ ബേയിലാണ് കടൽസിംഹത്തെ ചത്തനിലയിൽ കണ്ടെത്തിയത്. ഷാർക്ക് ആക്രമണത്തിൽ പരിക്കേറ്റ നിലയിലായിരുന്ന കടൽസിംഹത്തിന് പക്ഷിപ്പനിയും സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഷാർക്ക് ആക്രമണമല്ല, പക്ഷിപ്പനി ബാധയാണ് മരണകാരണമെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ദക്ഷിണ ഓസ്‌ട്രേലിയൻ പരിസ്ഥിതി മന്ത്രി എമിലി ബോർക്ക് പറഞ്ഞു.

കംഗാരു ദ്വീപിൽ കടൽസിംഹത്തിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത് ആശങ്ക ഉയർത്തുന്നതാണ്. ഓസ്‌ട്രേലിയൻ ജലാശയങ്ങളിൽ കാണപ്പെടുന്ന ഏറ്റവും അപൂർവമായ സീലാണ് ഓസ്‌ട്രേലിയൻ കടൽസിംഹമെന്നും ഇതിന്റെ ആഗോള ജനസംഖ്യയുടെ ഏകദേശം 85 ശതമാനവും ദക്ഷിണ ഓസ്‌ട്രേലിയയിലാണെന്നും മന്ത്രി പറഞ്ഞു. പക്ഷിപ്പനി മൂലമുള്ള കൂട്ടമരണം കടൽജീവികളുടെ എണ്ണത്തിൽ വൻ ഇടിവിന് കാരണമാകുമെന്ന ആശങ്കയിലാണ് അധികൃതർ. അന്റാർട്ടിക്കയ്ക്ക് സമീപമുള്ള ഹേർഡ് ദ്വീപിൽ സീൽ കുഞ്ഞുങ്ങളുടെ എണ്ണം 75 ശതമാനം വരെ കുറഞ്ഞ സംഭവവും അധികൃതർ ചൂണ്ടിക്കാട്ടി.

നിലവിൽ കടൽസിംഹങ്ങൾക്കായി അംഗീകരിച്ച പക്ഷിപ്പനി വാക്സിൻ ഓസ്‌ട്രേലിയയിൽ ലഭ്യമല്ല. ഹവായിയിൽ വംശനാശഭീഷണി നേരിടുന്ന ഹവായിയൻ മോങ്ക് സീലുകളിൽ പരീക്ഷിച്ചുവരുന്ന വാക്സിൻ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിലാണ് ദക്ഷിണ ഓസ്‌ട്രേലിയൻ സർക്കാർ. പരീക്ഷണ വാക്സിൻ ചില അനുകൂല ഫലങ്ങൾ നൽകുന്നതായി സർക്കാർ അറിയിച്ചു. വാക്സിന്റെ വിലയല്ല പ്രധാന പ്രശ്നമെന്നും രാജ്യത്തേക്ക് എത്തിച്ച് ആവശ്യമായ കർശന നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതാണ് വെല്ലുവിളിയെന്നും മന്ത്രി പറഞ്ഞു. കംഗാരു ദ്വീപ് മേയർ മൈക്കൽ പെൻഗില്ലി കടൽസിംഹത്തിന്റെ മരണം അപ്രതീക്ഷിതമല്ലെന്നും ഇത്തരം സാഹചര്യം ഉണ്ടാകുമെന്ന് നേരത്തെ തന്നെ ആശങ്കയുണ്ടായിരുന്നെന്നും പ്രതികരിച്ചു. അതേസമയം, വിക്ടർ ഹാർബറിൽ ഒരു ലിറ്റിൽ പെൻഗ്വിനും പക്ഷിപ്പനി ബാധിച്ച് ചത്തതായി അധികൃതർ അറിയിച്ചു.

Metro Australia
maustralia.com.au