

ഓസ്‌ട്രേലിയയിലെ അഡിലെയ്ഡിൽ ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസിലൂടെയുള്ള സാധാരണ കസേര വിൽപ്പനയ്ക്കിടെ യുവാവിന് ക്രൂരമായ കുത്തേറ്റു. സംഭവത്തിൽ പ്രതിയായ അക്രമിക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. അഡിലെയ്ഡിന്റെ തെക്ക്-കിഴക്കൻ മേഖലയിലെ Glensideയിലാണ് സംഭവം. ആൻഡി എന്നയാൾ വിൽപ്പന നടത്തിയ കസേര വാങ്ങാനെത്തിയയാളുമായി റോഡരികിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. കസേര കാറിന്റെ ഡിക്കിയിൽ വയ്ക്കുന്നതിന് മുമ്പാണ് സമീപത്തെത്തിയ മൂന്നാമതൊരാൾ അപ്രതീക്ഷിതമായി ഇയാളെ ആക്രമിച്ചത്.
ആക്രമണത്തിൽ കഴുത്തിൽ രണ്ട് തവണ കുത്തേറ്റതായി ആൻഡിയുടെ ഭാര്യ റൂബി പറഞ്ഞു. ആക്രമണത്തിന് പിന്നാലെ ഭയന്ന ഇരുവരും വീട്ടിലേക്ക് ഓടിക്കയറി. കഴുത്തിൽ നിന്ന് രക്തം ശക്തമായി ഒഴുകുന്നത് കണ്ടതോടെയാണ് സംഭവത്തിന്റെ ഗൗരവം മനസിലായതെന്നും റൂബി പറഞ്ഞു. പൊലീസും പാരാമെഡിക്കുകളും എത്തുന്നതിന് മുമ്പ് ആൻഡിയും റൂബിയും ചേർന്ന് കഴുത്തിന്റെ വശത്തും പിൻഭാഗത്തുമേറ്റ മുറിവുകളിൽ പ്രാഥമിക ശുശ്രൂഷ നൽകി.
ആക്രമണത്തിന് ശേഷം പ്രതി തെരുവിൽ തന്നെ തുടരുകയും ഇവരുടെ വീടിന് നേരെ നോക്കി നിൽക്കുകയും ചെയ്തതായി കുടുംബം പറഞ്ഞു. പിന്നീട് ഇയാൾ ഓടി രക്ഷപ്പെട്ടു. ആശുപത്രിയിൽ ചികിത്സ ലഭിച്ച ഇരയെ പിന്നീട് വീട്ടിലേക്ക് വിട്ടു. പരിക്ക് കൂടുതൽ ഗുരുതരമാകാതിരുന്നത് ഭാഗ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചതായും കുടുംബം പറഞ്ഞു. സംഭവത്തിന് പിന്നാലെ കസേര വാങ്ങിയയാൾ വാഹനം അവിടെ ഉപേക്ഷിച്ചുപോയി. കസേര ഇപ്പോഴും തന്റെ ഗാരേജിലുണ്ടെന്നും ഉടമ തിരിച്ചെത്തുമ്പോൾ അത് തിരികെ നൽകുമെന്നും ആൻഡി പറഞ്ഞു.