SAയിലെ അമ്മയുടെയും രണ്ട് മക്കളുടെയും മരണം; 2 മാസം പ്രായമുള്ള കുഞ്ഞിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു

"ലഭ്യമായ വിവരങ്ങളും വിദഗ്ധരുടെ വിലയിരുത്തലും അടിസ്ഥാനമാക്കി, ഇത്രയും സമയം കഴിഞ്ഞ സാഹചര്യത്തിൽ കുഞ്ഞ് വെള്ളത്തിലോ കരയിലോ ജീവനോടെ തുടരാൻ കഴിയില്ലെന്നാണ് നിഗമനം," സൗത്ത് ഓസ്ട്രേലിയ പൊലീസ് അറിയിച്ചു.
അമ്മയുടെയും 2 മക്കളുടെയും മരണം; കുഞ്ഞിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു
(Facebook)
Published on

അഡ്ലെയ്ഡ്: ദക്ഷിണ ഓസ്ട്രേലിയയിലെ പോർട്ട് മക്ഡൊണലിൽ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും ഉൾപ്പെട്ട ദാരുണ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. 36-കാരിയായ ഹെലേന റൈറ്റിന്റെയും 23 മാസം പ്രായമുള്ള മകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ, രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനായുള്ള തിരച്ചിൽ ഔദ്യോഗികമായി അവസാനിപ്പിച്ചു. സംഭവം കൊലപാതകവും ആത്മഹത്യയുമായി ബന്ധപ്പെട്ടതാണെന്നാണ് പൊലീസ് നിലവിൽ കരുതുന്നത്. സംഭവത്തിൽ മറ്റാരെയും സംശയിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ കേപ് നോർത്ത്‌മ്പർലാൻഡിന് സമീപമുള്ള ലൈറ്റ്‌ഹൗസ് കാർ പാർക്കിൽ കുടുംബം ഉപയോഗിച്ചിരുന്ന വെള്ള നിറത്തിലുള്ള Isuzu MUX കാർ എൻജിൻ പ്രവർത്തിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കടലിൽ നിന്ന് റൈറ്റിന്റെയും 23 മാസം പ്രായമുള്ള മകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെ കണ്ടെത്താനായില്ല. കുഞ്ഞ് അമ്മയ്ക്കും സഹോദരിക്കുമൊപ്പം കടൽത്തീരത്തെ പാറക്കെട്ടുകളിൽ നിന്ന് വീണിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. രണ്ട് ദിവസത്തോളം പോർട്ട് മക്ഡൊണൽ പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.

അമ്മയുടെയും 2 മക്കളുടെയും മരണം; കുഞ്ഞിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു
ഔദ്യോഗിക തിരച്ചിൽ അവസാനിച്ചെങ്കിലും വരും ദിവസങ്ങളിലും ആഴ്ചകളിലും തീരപ്രദേശത്ത് പരിശോധന തുടരും. (9News)

പ്രതികൂല കാലാവസ്ഥയും തിരച്ചിൽ സാഹചര്യങ്ങളും കണക്കിലെടുത്ത് ചൊവ്വാഴ്ച വൈകിട്ട് 3.30ഓടെ അന്നത്തെ തിരച്ചിൽ നിർത്തിവെച്ചിരുന്നു. ബുധനാഴ്ച വൈകിട്ടോടെ കുഞ്ഞിനെ ജീവനോടെ കണ്ടെത്താനുള്ള സാധ്യതയില്ലെന്ന് അധികൃതർ വ്യക്തമാക്കി തിരച്ചിൽ ഔദ്യോഗികമായി അവസാനിപ്പിച്ചു. "ലഭ്യമായ വിവരങ്ങളും വിദഗ്ധരുടെ വിലയിരുത്തലും അടിസ്ഥാനമാക്കി, ഇത്രയും സമയം കഴിഞ്ഞ സാഹചര്യത്തിൽ കുഞ്ഞ് വെള്ളത്തിലോ കരയിലോ ജീവനോടെ തുടരാൻ കഴിയില്ലെന്നാണ് നിഗമനം," സൗത്ത് ഓസ്ട്രേലിയ പൊലീസ് അറിയിച്ചു. മൂന്ന് ദിവസം കഴിഞ്ഞ സാഹചര്യത്തിൽ കുഞ്ഞിനെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത "പൂജ്യം" ആണെന്ന് പൊലീസ് സൂപ്രണ്ട് ട്രെന്റ് കോക്സ് നേരത്തെ പറഞ്ഞിരുന്നു. ഇനി തിരച്ചിൽ മൃതദേഹം കണ്ടെത്തുന്നതിനുള്ള ദൗത്യമായി മാറിയെന്നും എന്നാൽ കുഞ്ഞ് എവിടെയാണെന്ന് വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക തിരച്ചിൽ അവസാനിച്ചെങ്കിലും വരും ദിവസങ്ങളിലും ആഴ്ചകളിലും തീരപ്രദേശത്ത് പരിശോധന തുടരുമെന്ന് കോക്സ് വ്യക്തമാക്കി. പ്രതികൂല സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെയും രക്ഷാപ്രവർത്തകരുടെയും സുരക്ഷയും പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമ്മയുടെയും 2 മക്കളുടെയും മരണം; കുഞ്ഞിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു
സംഭവവുമായി ബന്ധപ്പെട്ട് വെള്ള നിറത്തിലുള്ള Isuzu MUX കണ്ടവർ പൊലീസിനെ ബന്ധപ്പെടേണ്ടതാണ്.(SA Police)

മൗണ്ട് ഗാംബിയറിന് സമീപമുള്ള കോംപ്ടണിലാണ് എസ്റ്റോണിയയിൽ ജനിച്ച റൈറ്റ് ഭർത്താവിനൊപ്പം കുടുംബമായി താമസിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികൾ ഉൾപ്പെട്ടതിനാൽ അന്വേഷണം കൂടുതൽ സങ്കീർണമാണെന്നും ബന്ധപ്പെട്ട എല്ലാവർക്കും ഇത് വലിയ മാനസിക ആഘാതമാണെന്നും കോക്സ് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് കൊറോണറിന് സമർപ്പിക്കും. സംഭവത്തിൽ പോർട്ട് മക്ഡൊണൽ സമൂഹം ഞെട്ടലിലാണെന്ന് ലൈംസ്റ്റോൺ കോസ്റ്റ് മേയർ കൈലി ബോസ്റ്റൺ പറഞ്ഞു. കുട്ടികൾ ഉൾപ്പെട്ട ദുരന്തം ഹൃദയഭേദകമാണെന്ന് സൗത്ത് ഓസ്ട്രേലിയൻ പ്രീമിയർ പീറ്റർ മലിനോസ്കസ് പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വെള്ള നിറത്തിലുള്ള Isuzu MUX, സൗത്ത് ഓസ്ട്രേലിയൻ രജിസ്ട്രേഷൻ നമ്പർ S592BJR, കണ്ടവരോടോ വാഹനത്തിന്റെ ഡാഷ്‌കാം ദൃശ്യങ്ങൾ ലഭിച്ചവരോടോ പൊലീസിനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Metro Australia
maustralia.com.au