സൗത്ത് ഓസ്‌ട്രേലിയൻ തീരത്ത് ചത്തടിഞ്ഞ ഡോൾഫിന് എച്ച്5 പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിർദ്ദേശം

ഡോൾഫിനുകൾക്കിടയിൽ രോഗം വലിയതോതിൽ പടർന്നുപിടിക്കാൻ സാധ്യത കുറവാണെങ്കിലും സീലുകൾ, കടൽസിംഹങ്ങൾ തുടങ്ങിയ മറ്റ് സമുദ്ര സസ്തനികളിലേക്ക് വൈറസ് വ്യാപിക്കാനുള്ള സാധ്യത ആശങ്കയുണർത്തുന്നുണ്ട്.
സൗത്ത് ഓസ്‌ട്രേലിയൻ തീരത്ത് ചത്തടിഞ്ഞ ഡോൾഫിന് എച്ച്5 പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിർദ്ദേശം
Supplied: Nedra Haines
Published on: 

അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ ഫ്ലൂറിയു പെനിൻസുലയിലുള്ള എൻകൗണ്ടർ ബേയിൽ ചത്തടിഞ്ഞ ഡോൾഫിനിൽ എച്ച്5 പക്ഷിപ്പനി (H5 Bird Flu) സ്ഥിരീകരിച്ചു. രോഗബാധയേറ്റ കാട്ടുപക്ഷികളുമായുള്ള സമ്പർക്കത്തിലൂടെയാകാം സാധാരണ ഇനത്തിൽപ്പെട്ട ഈ ഡോൾഫിന് വൈറസ് ബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനമെന്ന് സൗത്ത് ഓസ്‌ട്രേലിയൻ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. സ്കൈ ഫ്രൂവൻ വ്യക്തമാക്കി. ഡോൾഫിനുകൾക്കിടയിൽ രോഗം വലിയതോതിൽ പടർന്നുപിടിക്കാൻ സാധ്യത കുറവാണെങ്കിലും സീലുകൾ, കടൽസിംഹങ്ങൾ തുടങ്ങിയ മറ്റ് സമുദ്ര സസ്തനികളിലേക്ക് വൈറസ് വ്യാപിക്കാനുള്ള സാധ്യത ആശങ്കയുണർത്തുന്നുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 340 എച്ച്5 പക്ഷിപ്പനി സംഭവങ്ങളാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു പ്രത്യേക സ്ഥലത്ത് ഒരു സ്പീഷീസിലെ ഒരു ജീവിയിലെങ്കിലും രോഗബാധ സ്ഥിരീകരിക്കുന്നതിനെയാണ് ഒരു 'ഇവന്റ്' ആയി കണക്കാക്കുന്നത്. മുൻപത്തെ അപേക്ഷിച്ച് രോഗവ്യാപനത്തിന്റെ വേഗതയിൽ നേരിയ കുറവുണ്ടെങ്കിലും സ്ഥിരമായി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. കൂട്ടമരണങ്ങൾ ഒരിടത്തും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെങ്കിലും ക്രെസ്റ്റഡ് ടേൺ (Crested Tern) പക്ഷികളെ രോഗബാധ സാരമായി ബാധിച്ചിട്ടുണ്ട്.

പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലെലാൻഡ് വൈൽഡ് ലൈഫ് പാർക്കിൽ തിരഞ്ഞെടുത്ത പക്ഷികൾക്കുള്ള വാക്സിനേഷൻ പൂർത്തിയാക്കി. സൂസ് എസ്എ (Zoos SA) കേന്ദ്രങ്ങളിലെ പക്ഷികൾക്കുള്ള കുത്തിവെപ്പ് പകുതിയിലേറെ പൂർത്തിയായിട്ടുണ്ട്. കൂടാതെ, അപൂർവ്വയിനം ലിറ്റിൽ പെൻഗ്വിനുകൾക്കായി വാക്സിനുകൾ ലഭ്യമാക്കുമെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ സ്ഥിരീകരിച്ചു. ഗ്രാനൈറ്റ് ഐലൻഡ്, പെന്നിഷോ, എമു ബേ എന്നിവിടങ്ങളിലെ പെൻഗ്വിൻ കോളനികളിൽ വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ വെറ്ററിനറി വകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്.