അഡ്‌ലെയ്ഡിൽ സ്വവർഗാനുരാഗ വിരുദ്ധ ആക്രമണം; ചലച്ചിത്രോത്സവത്തിൽ പങ്കെടുത്ത യുവാവിന് ഗുരുതര പരിക്ക്

കഴിഞ്ഞ ശനിയാഴ്ച രാത്രി ജിം ക്വീൻ എന്ന സിനിമയുടെ പ്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഗതാഗതസൗകര്യം കാത്തുനിൽക്കുന്നതിനിടെയാണ് യുവാവ് ആക്രമിക്കപ്പെട്ടതെന്ന് ചലച്ചിത്രോത്സവ അധികൃതർ അറിയിച്ചു.
അഡ്‌ലെയ്ഡിൽ സ്വവർഗാനുരാഗ വിരുദ്ധ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്
(Adelaide Film Festival)
Published on: 

സൗത്ത് ഓസ്‌ട്രേലിയൻ തലസ്ഥാനമായ അഡ്‌ലെയ്ഡിൽ സ്വവർഗാനുരാഗ വിരുദ്ധ അധിക്ഷേപത്തിന് പിന്നാലെ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതായി പരാതി. അഡ്‌ലെയ്ഡ് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തയാൾക്കുനേരെയുണ്ടായ ആക്രമണത്തെ സ്വവർഗാനുരാഗ വിരുദ്ധ ആക്രമണമെന്നാണ് സംഘാടകർ വിശേഷിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ജിം ക്വീൻ എന്ന സിനിമയുടെ പ്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഗതാഗതസൗകര്യം കാത്തുനിൽക്കുന്നതിനിടെയാണ് യുവാവ് ആക്രമിക്കപ്പെട്ടതെന്ന് ചലച്ചിത്രോത്സവ അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ആദ്യം സ്വവർഗാനുരാഗത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിച്ചെന്നും പിന്നീട് ശാരീരികമായി ആക്രമിച്ചെന്നുമാണ് വിവരം. ആക്രമണത്തിൽ യുവാവിന്റെ എല്ലുകൾ ഒടിയുന്നതുൾപ്പെടെ ഗുരുതര പരിക്കുകളുണ്ടായെന്നും ഒരുദിവസത്തിലേറെ ആശുപത്രിയിൽ കഴിയേണ്ടിവന്നെന്നും അഡ്‌ലെയ്ഡ് ഫിലിം ഫെസ്റ്റിവൽ സിഇഒ മാറ്റ് കെസ്റ്റിങ് എബിസിയോട് പറഞ്ഞു. യുവാവ് ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നും ആശുപത്രി വിട്ടതായാണ് തനിക്ക് ലഭിച്ച വിവരമെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച പുലർച്ചെ 3.50ഓടെ അഡ്‌ലെയ്ഡ് നഗരമധ്യത്തിലെ നോർത്ത് ടെറസിനും ബാങ്ക് സ്ട്രീറ്റിനും സമീപം പരിചയമില്ലാത്ത ഒരു സംഘം ആളുകൾ യുവാവിനെ ആക്രമിച്ചതായി പൊലീസും സ്ഥിരീകരിച്ചു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തരവാദികളായവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ആക്രമണത്തെ അപലപിച്ച് സംഘാടകർ

സംഭവം അസ്വസ്ഥതയുണ്ടാക്കുന്നതും അംഗീകരിക്കാനാകാത്തതുമാണെന്ന് കെസ്റ്റിങ് പറഞ്ഞു. സിനിമയുടെ പ്രദർശനത്തിനുശേഷം പ്രേക്ഷകർ നഗരത്തിലെ മറ്റ് സ്ഥലങ്ങളിലേക്ക് പോയിരുന്നുവെന്നും അതിനു മണിക്കൂറുകൾക്കുശേഷമാണ് ആക്രമണം നടന്നതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഫീസ്റ്റ് ഫെസ്റ്റിവലുമായി ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അഡ്‌ലെയ്ഡ് ഫിലിം ഫെസ്റ്റിവൽ സംഭവത്തിൽ കടുത്ത ദുഃഖവും ഞെട്ടലും രേഖപ്പെടുത്തി. എല്ലാത്തരം വിവേചനങ്ങളെയും ഒരുപോലെ അപലപിക്കുന്നതായും ആക്രമണത്തിനിരയായ വ്യക്തിക്കൊപ്പം നിലകൊള്ളുമെന്നും സംഘാടകർ വ്യക്തമാക്കി. ജിം ക്വീൻ എന്ന ചിത്രത്തിന്റെ സൗത്ത് ഓസ്‌ട്രേലിയയിലെ ആദ്യ പ്രദർശനം സ്വവർഗാനുരാഗികളുടെ അഭിമാനവും വൈവിധ്യവും ആഘോഷിക്കുന്നതായിരുന്നുവെന്നും പ്രേക്ഷകർ മികച്ച രീതിയിൽ പരിപാടി ആസ്വദിച്ചിരുന്നുവെന്നും കെസ്റ്റിങ് പറഞ്ഞു. 2026ൽ അഡ്‌ലെയ്ഡ് നഗരമധ്യത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിമാരും പ്രതിഷേധം അറിയിച്ചു

സംഭവത്തെക്കുറിച്ചുള്ള ചലച്ചിത്രോത്സവത്തിന്റെ പോസ്റ്റിന് പ്രതികരണവുമായി സൗത്ത് ഓസ്‌ട്രേലിയൻ അറ്റോർണി ജനറൽ ക്യം മഹർ രംഗത്തെത്തി. സംസ്ഥാനത്ത് സ്വവർഗാനുരാഗ വിരുദ്ധ അധിക്ഷേപങ്ങൾക്ക് സ്ഥാനമില്ലെന്നും ഇത്തരം സംഭവങ്ങളെ ശക്തമായി അപലപിക്കണമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സേവന മന്ത്രി റിയാനൻ പിയേഴ്സും ആക്രമണത്തെ രൂക്ഷമായി വിമർശിച്ചു. എല്ലാവരെയും സ്വാഗതം ചെയ്യുന്ന സമൂഹമാണ് ഓസ്‌ട്രേലിയയെന്നും പൊതുസ്ഥലങ്ങളിൽ സുരക്ഷിതരായിരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അവർ പറഞ്ഞു. ഇത്തരം പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. പരാതിക്കാരന്റെ സ്വകാര്യത സംരക്ഷിക്കേണ്ടതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് സംഘാടകർ അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.

Metro Australia
maustralia.com.au