ടോറൻസ് നദിയിൽ മീനുകളെ ഒഴുക്കരുത്; $120,000 പിഴ മുന്നറിയിപ്പ്

പ്ലാറ്റിപ്പസുകളുടെയും പ്രാദേശിക മത്സ്യങ്ങളുടെയും അതിജീവനത്തിന് ഇത്തരം വിദേശ മത്സ്യങ്ങൾ വലിയ ഭീഷണിയാണെന്ന് ഇൻവേസീവ് സ്പീഷീസ് കൗൺസിൽ ചൂണ്ടിക്കാട്ടി.
ടോറൻസ് നദിയിൽ മീനുകളെ ഒഴുക്കരുത്; $120,000 പിഴ മുന്നറിയിപ്പ്
ABC News: Daniel Taylor
Published on: 

അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ ടോറൻസ് നദിയിൽ (River Torrens) വൻതോതിൽ കോയി കാർപ്പ് (Koi Carp), ഗോൾഡ് ഫിഷ് തുടങ്ങിയ അലങ്കാര മത്സ്യങ്ങളെ നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി പരിസ്ഥിതി ഏജൻസിയായ ഗ്രീൻ അഡ്‌ലെയ്ഡ്. ഹാക്‌നി (Hackney), ഡെർനാൻകോർട്ട് ഭാഗങ്ങളിൽ ഓറഞ്ചും കറുപ്പും കലർന്ന നിരവധി കോയി കാർപ്പുകളെ കൂട്ടത്തോടെ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതരുടെ ഇടപെടൽ. അലങ്കാര മത്സ്യങ്ങളെ ഇത്തരം ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്നത് നിയമവിരുദ്ധമാണെന്നും ലംഘിക്കുന്നവർക്ക് 120,000 ഡോളർ (ഏകദേശം ഒരു കോടിയിലധികം രൂപ) വരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.

സൗത്ത് ഓസ്‌ട്രേലിയൻ ഫിഷറീസ് മാനേജ്‌മെന്റ് ആക്ട് പ്രകാരം അതീവ അപകടകാരിയായ അധിനിവേശ ജീവിവർഗ്ഗങ്ങളുടെ (Noxious species) പട്ടികയിലാണ് കോയി കാർപ്പുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. പെർമിറ്റില്ലാതെ ഇവയെ വളർത്തുന്നതുപോലും സംസ്ഥാനത്ത് കുറ്റകരമാണ്. അടിത്തട്ടിലെ ചെളി ഇളക്കിമറിച്ച് ആഹാരം തേടുന്ന സ്വഭാവമുള്ളതിനാൽ ജലസസ്യങ്ങളുടെ വളർച്ച തടസ്സപ്പെടുത്താനും, പ്രാദേശിക ശുദ്ധജല മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയും ഭക്ഷണവും ഇല്ലാതാക്കാനും ഇവ കാരണമാകുന്നു. ഡെർനാൻകോർട്ട് ഭാഗത്ത് കണ്ടെത്തിയ മത്സ്യങ്ങളെ വലയിട്ട് പിടികൂടാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

1880-കൾക്ക് ശേഷം ടോറൻസ് നദിയിൽ നിന്ന് അപ്രത്യക്ഷമായ പ്ലാറ്റിപ്പസുകളെ (Platypus) വീണ്ടും നദിയിലേക്ക് എത്തിക്കാൻ സർക്കാർ നാല് ദശലക്ഷം ഡോളറിന്റെ പുനരധിവാസ പദ്ധതി നടപ്പാക്കിവരികയാണ്. ഇതിനിടയിലാണ് ജൈവവ്യവസ്ഥയെ തകിടംമറിക്കുന്ന വിധത്തിൽ ആക്രമണകാരികളായ വിദേശ മത്സ്യങ്ങളെ നദിയിലേക്ക് ഒഴുക്കിവിടുന്നത് കണ്ടെത്തിയത്. പ്ലാറ്റിപ്പസുകളുടെയും പ്രാദേശിക മത്സ്യങ്ങളുടെയും അതിജീവനത്തിന് ഇത്തരം വിദേശ മത്സ്യങ്ങൾ വലിയ ഭീഷണിയാണെന്ന് ഇൻവേസീവ് സ്പീഷീസ് കൗൺസിൽ ചൂണ്ടിക്കാട്ടി.

Metro Australia
maustralia.com.au