

സിഡ്‌നി: ആഗോള വാണിജ്യ വിപണിയിലെ തിരിച്ചുവരവ് ലക്ഷ്യമിട്ട് ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ നിക്ഷേപവുമായി സിംഗപ്പൂർ സോവറിൻ വെൽത്ത് ഫണ്ട് (GIC). സിഡ്‌നി നഗരമധ്യത്തിലെ മാർക്കറ്റ് സ്ട്രീറ്റിലുള്ള പ്രമുഖ 32 നില ഓഫീസ് ടവർ 450 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിനാണ് (ഏകദേശം 2,500 കോടിയോളം രൂപ) ജി.ഐ.സി സ്വന്തമാക്കിയത്. പ്രമുഖ ഓസ്‌ട്രേലിയൻ പ്രോപ്പർട്ടി ഫണ്ട് മാനേജർമാരായ ഇൻവെസ്റ്റയാണ് ഇടപാടിന് നേതൃത്വം നൽകിയത്.
സിഡ്‌നി ഫിനാൻഷ്യൽ കോറിനും ഡാർലിംഗ് ഹാർബറിനും മധ്യേ സ്ഥിതി ചെയ്യുന്ന എ-ഗ്രേഡ് ഓഫീസ് സമുച്ചയമാണിത്. ഇൻവെസ്റ്റ കൊമേഴ്‌സ്യൽ പ്രോപ്പർട്ടി ഫണ്ടിന്റെ (ICPF) കൈവശമുണ്ടായിരുന്ന ഈ പ്രീമിയം പ്രോപ്പർട്ടി, ജി.ഐ.സിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന 'ഇൻവെസ്റ്റ കോർ പ്ലസ് ഓഫീസ് പാർട്ണർഷിപ്പ്' (ICOP) ഫണ്ടിലേക്കാണ് മാറ്റിയത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള പലിശനിരക്ക് വർദ്ധനവും അനിശ്ചിതത്വങ്ങളും കാരണം മാന്ദ്യത്തിലായിരുന്ന സിഡ്‌നി കൊമേഴ്‌സ്യൽ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് അന്താരാഷ്ട്ര വൻകിട നിക്ഷേപകർ ശക്തമായി തിരിച്ചെത്തുന്നതിന്റെ സൂചനയാണ് ഈ വമ്പൻ ഇടപാട്.