

ഓസ്ട്രേലിയൻ റിയാലിറ്റി ടെലിവിഷൻ താരവും സംരംഭകനുമായ സാം വുഡിന്റെ മുൻ ഫിറ്റ്നസ് ബിസിനസായ ‘28 പ്രോഗ്രാം’ പുതിയ പേരിൽ പ്രവർത്തനം ആരംഭിച്ചു. ‘evvr’ എന്നാണ് സ്ഥാപനത്തിന്റെ പുതിയ പേര്. ഗാർഹിക പീഡനക്കേസിൽ വുഡ് കുറ്റം ചുമത്തപ്പെട്ടതിനു പിന്നാലെ അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിച്ച് ആഴ്ചകൾക്കുശേഷമാണ് കമ്പനിയുടെ പേര് മാറ്റിയത്. പുതിയ പേരും രൂപഭാവവും കമ്പനി ഇൻസ്റ്റഗ്രാമിലൂടെയും പുതുക്കിയ വെബ്സൈറ്റിലൂടെയും അവതരിപ്പിച്ചു. നേരത്തെയുണ്ടായിരുന്ന കറുപ്പ്, ഓറഞ്ച് നിറങ്ങൾക്ക് പകരം പർപ്പിൾ നിറമാണ് പുതിയ ബ്രാൻഡിങ്ങിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. “evvr.body, evvr.day, evvr.where” എന്ന പുതിയ Taglineഉം കമ്പനി പുറത്തിറക്കി. പുതിയ ബ്രാൻഡിനെ പരിചയപ്പെടുത്തുന്ന പ്രമോഷണൽ വിഡിയോയിൽ പൈലേറ്റ്സ് പരിശീലക ആലിസ് ബെന്നറ്റ്, പുതിയ പേരും രൂപവും അവതരിപ്പിക്കുമ്പോഴും ഉപഭോക്താക്കൾക്ക് പരിചിതരായ പരിശീലകരും ഇഷ്ടപ്പെട്ട വർക്കൗട്ടുകളും സമൂഹബന്ധവും തുടരുമെന്ന് വ്യക്തമാക്കി. പുതിയ രൂപവും പുതിയ അധ്യായവുമാണെങ്കിലും സ്ഥാപനത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ അതേപടി നിലനിൽക്കുമെന്നും അവർ പറഞ്ഞു.
അതേസമയം, 46-കാരനായ സാം വുഡ് ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട രണ്ട് കുറ്റങ്ങൾ, ശാരീരിക പരിക്കേൽപ്പിക്കുന്ന തരത്തിലുള്ള ആക്രമണം, ഗാർഹിക സാഹചര്യത്തിലെ കഴുത്തുഞെരിക്കൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ നേരിടുകയാണ്. കേസിൽ അദ്ദേഹം നിലവിൽ കസ്റ്റഡിയിലാണ്. ഒക്ടോബർ മൂന്നിന് നൂസയിലെ ആഡംബര അപ്പാർട്ട്മെന്റിൽ ഭാര്യ സ്നെസാനയെ തള്ളുകയും കഴുത്തുഞെരിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സംഭവത്തിൽ തന്റെ ജീവൻ അവസാനിക്കുമെന്ന് കരുതിയതായി സ്നെസാന പൊലീസിനോട് പറഞ്ഞുവെന്നാണ് കോടതിയിൽ അറിയിച്ചത്. എന്നാൽ വുഡ് തനിക്കെതിരായ കുറ്റങ്ങൾ നിഷേധിച്ചിട്ടുണ്ട്. ഈ മാസം ആദ്യം അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു. ക്വീൻസ്ലൻഡ് സുപ്രീം കോടതിയിൽ വുഡിന്റെ അഭിഭാഷകസംഘം പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. നവംബർ നാലിനാണ് ഹിയറിങ് നിശ്ചയിച്ചിരിക്കുന്നത്.
വുഡിന്റെ അസാന്നിധ്യത്തിൽ 28 ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മാർക്ക് വാറ്റ്കിൻ ബിസിനസിന്റെ ചുമതല വഹിക്കുമെന്ന് കമ്പനി അറിയിച്ചു. സാം വുഡുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ തങ്ങൾ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നതായി വാറ്റ്കിൻ പ്രസ്താവനയിൽ പറഞ്ഞു. സംഭവം കുടുംബത്തിന് പ്രയാസകരമായ സമയമാണെന്നും അധികൃതരുമായി പൂർണമായി സഹകരിച്ചുവരികയാണെന്നും വുഡിന്റെയും ഭാര്യയുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച കുടുംബ പ്രസ്താവനയിൽ അറിയിച്ചു.