ട്രാൻസ്‌ജെൻഡർ യുവതിയെ ആപ്പിൽ നിന്ന് പുറത്താക്കിയ നടപടി വിവേചനം; കോടതി വിധി ശരിവച്ചു

നേരത്തെ നൽകിയ 10,000 ഡോളർ നഷ്ടപരിഹാരം 20,000 ഡോളറായി (ഏകദേശം 16.7 ലക്ഷം രൂപ) കോടതി വർധിപ്പിച്ചു.
ട്രാൻസ്‌ജെൻഡർ യുവതിയെ ആപ്പിൽ നിന്ന് പുറത്താക്കിയ നടപടി വിവേചനം; കോടതി വിധി ശരിവച്ചു
ABC News: Liam Patrick
Published on

ട്രാൻസ്‌ജെൻഡർ യുവതിയായ റോക്‌സാൻ ടിക്കിളിനെ സ്ത്രീകളുടെ മാത്രമായുള്ള ആപ്പിൽ നിന്നും പുറത്താക്കിയത് ലിംഗപരമായ വിവേചനമാണെന്ന വിധി ഫെഡറൽ കോടതിയുടെ ഫുൾ ബെഞ്ച് ശരിവച്ചു. നേരത്തെ നൽകിയ 10,000 ഡോളർ നഷ്ടപരിഹാരം 20,000 ഡോളറായി (ഏകദേശം 16.7 ലക്ഷം രൂപ) കോടതി വർധിപ്പിച്ചു. 2021-ൽ ആപ്പിൽ അംഗത്വമെടുത്ത ടിക്കിളിനെ, അവർ ട്രാൻസ്‌ജെൻഡർ ആണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് പുറത്താക്കുകയായിരുന്നു. ലിംഗ സ്വത്വത്തിന്റെ (Gender Identity) അടിസ്ഥാനത്തിൽ വിവേചനം നേരിട്ടുവെന്ന പരാതിയിൽ 2013-ലെ സെക്സ് ഡിസ്ക്രിമിനേഷൻ ആക്ട് പ്രകാരം കോടതിയിൽ എത്തുന്ന ആദ്യ കേസുകൂടിയാണിത്.

സ്ത്രീയായി ജനിച്ച് സ്ത്രീയായി തന്നെ ജീവിക്കുന്നവർക്ക് (Cisgender) മാത്രമേ ആപ്പിൽ പ്രവേശനമുള്ളൂ എന്ന നിബന്ധന ടിക്കിളിനെപ്പോലെയുള്ള ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്ക് തിരിച്ചടിയാണെന്ന് കോടതി നിരീക്ഷിച്ചു. നേരിട്ടുള്ള വിവേചനത്തിന് പുറമെ ഇരട്ടിയായി നൽകിയ ഈ നിബന്ധന പരോക്ഷ വിവേചനമാണെന്നും ജസ്റ്റിസ് റോബർട്ട് ബ്രോംവിച്ച് നേരത്തെ വിധിച്ചിരുന്നു. അപ്പീൽ പരിഗണിച്ച ഫുൾ ബെഞ്ച്, ടിക്കിളിനെ വീണ്ടും പ്രവേശിപ്പിക്കാൻ വിസമ്മതിച്ച നടപടി നേരിട്ടുള്ള വിവേചനമാണെന്ന് വ്യക്തമാക്കുകയും നഷ്ടപരിഹാര തുക ഇരട്ടിയാക്കുകയും ചെയ്തു.

വിചാരണയ്ക്കിടെ ടിക്കിളിനെ പരിഹസിക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ കണ്ട് ചിരിച്ചതും കോടതിയിൽ അവരെ പുരുഷ സർവ്വനാമം (he/him) ഉപയോഗിച്ച് അഭിസംബോധന ചെയ്തതും ബഹുമാനമില്ലാത്ത പെരുമാറ്റമാണെന്ന് കോടതി വിമർശിച്ചു. ഈ വിധി ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതാണെന്ന് റോക്‌സാൻ ടിക്കിൾ പ്രതികരിച്ചു. എന്നാൽ സ്ത്രീകൾ വിവേചനം നേരിടുന്ന സാഹചര്യമാണ് ഇതെന്നാണ് ആപ്പ് സിഇഒ സാൾ ഗ്രോവർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

Metro Australia
maustralia.com.au