

ലോകപ്രശസ്തമായ റോബോട്ട് വാക്വം ക്ലീനറായ ‘റോംബാ’യുടെ നിർമ്മാതാക്കളായ ഐറോബോട്ട് (iRobot) പാപ്പരത്തത്തിന് അപേക്ഷ നൽകിയതായി റിപ്പോർട്ട്. 35 വർഷമായി പ്രവർത്തിച്ചുവരുന്ന ഈ അമേരിക്കൻ ഗൃഹോപകരണ നിർമ്മാതാവിന്റെ തീരുമാനത്തെ തുടർന്ന്, ഉയർന്ന വിലയുള്ള റോബോട്ട് വാക്വം ഉപകരണങ്ങളുടെ പ്രവർത്തനഭാവിയെക്കുറിച്ച് ഉപഭോക്താക്കൾ ആശങ്ക പ്രകടിപ്പിച്ചു.
ഡെലാവെയറിൽ സമർപ്പിച്ച പാപ്പരത്ത അപേക്ഷ രേഖകൾ പ്രകാരം, ഐറോബോട്ട് കമ്പനിയെ അവരുടെ ചൈനീസ് വിതരണക്കാരായ ഷെൻഷെൻ പൈസിയ റോബോട്ടിക്സ് (Shenzhen Picea Robotics) ഏറ്റെടുക്കും. ഇതോടെ കമ്പനി പൊതുജന ഓഹരി വിപണിയിൽ നിന്ന് പിൻവാങ്ങി സ്വകാര്യ സ്ഥാപനമായി മാറും.
മാസച്ചുസെറ്റ്സിൽ ആസ്ഥാനമാക്കിയ ഐറോബോട്ടിന്റെ റോബോട്ട് വാക്വങ്ങൾക്കു 1,300 അമേരിക്കൻ ഡോളർ വരെ വിലവരുന്നു. 2024-ൽ 1.7 ബില്യൺ ഡോളറിന് ഐറോബോട്ടിനെ ഏറ്റെടുക്കാനുള്ള ആമസോൺ കരാർ നിയന്ത്രണ ഏജൻസികളുടെ എതിർപ്പിനെ തുടർന്ന് പാളിയതാണ് കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്.
മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് ഐറോബോട്ട് സ്ഥാപിച്ചത്. പാപ്പരത്ത അപേക്ഷ നടപടികൾക്കിടയിലും റോബോട്ടുകൾ നിയന്ത്രിക്കുന്ന മൊബൈൽ ആപ്പ് സേവനം തുടരുമെന്നും ഉപഭോക്താക്കൾക്ക് തടസ്സങ്ങളുണ്ടാകില്ലെന്നും കമ്പനി അറിയിച്ചു.
“ഈ ലയനം ഞങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുകയും ഉപഭോക്താക്കൾക്കും പങ്കാളികൾക്കും സേവന തുടർച്ച ഉറപ്പാക്കുകയും ചെയ്യും,” ഐറോബോട്ട് സിഇഒ ഗാരി കോഹൻ പറഞ്ഞു.
എന്നിരുന്നാലും, വാർത്ത പുറത്ത് വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ആശങ്കകൾ വ്യാപകമായി ഉയർന്നു. “എന്റെ റോംബയുടെ പ്രവർത്തനം ഇനി എന്താകും? സെർവറുമായി ബന്ധപ്പെടുന്ന സ്മാർട്ട് മോഡലാണ്,” എന്നായിരുന്നു ഒരു റെഡിറ്റ് ഉപയോക്താവിന്റെ പ്രതികരണം. ഓൺലൈൻ സേവനങ്ങൾ നിർത്തിയാൽ ഉപകരണങ്ങൾ ഉപയോഗശൂന്യമാകുമെന്ന ആശങ്കയും ചിലർ പങ്കുവച്ചു.