

കെയൻസ്: ഫാർ നോർത്ത് ക്വീൻസ്ലാന്റിലെ കേപ് യോർക്കിൽ (Cape York) പടർന്നുപിടിച്ച അതിരൂക്ഷമായ കാട്ടുതീയെ തുടർന്ന് കമ്മ്യൂണിക്കേഷൻ ടവറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതോടെ മേഖലയിലെ ടെലികോം, മൊബൈൽ നെറ്റ്‌വർക്കുകൾ പൂർണ്ണമായും നിലച്ചു. ശനിയാഴ്ച വൈകുന്നേരം മുതൽ മപൂൺ (Mapoon), വെയ്പ (Weipa), നപ്രാനം, ഔറുകുൻ തുടങ്ങിയ വിദൂര നഗരങ്ങളിലെ ആയിരക്കണക്കിന് നിവാസികൾക്ക് അടിയന്തിര സഹായത്തിനായുള്ള ട്രിപ്പിൾ സീറോ (000) എമർജൻസി കോളുകൾ പോലും ചെയ്യാനാകാത്ത അവസ്ഥയിലാണ്.
ഓസ്‌ട്രേലിയൻ ടെലികോം ഭീമന്മാരായ ടെൽസ്ട്രയുടെയും (Telstra) ഓപ്റ്റസിന്റെയും (Optus) മൊബൈൽ, ഫിക്സഡ് ലൈൻ, ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടിട്ടുണ്ട്. കെയൻസിൽ (Cairns) നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സംഘം തകരാറുകൾ പരിഹരിക്കാനായി രംഗത്തുണ്ട്. ഒറ്റപ്പെട്ട കമ്മ്യൂണിറ്റികളിൽ ഒറ്റ ടവർ മാത്രം ആശ്രയിക്കുന്നതാണ് ഇത്തരം സമയങ്ങളിൽ വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നതെന്നും, കമ്മ്യൂണിക്കേഷൻ ശൃംഖലകൾ പുനഃസ്ഥാപിക്കാൻ സർക്കാരും ടെലികോം കമ്പനികളും അടിയന്തിരമായി ഇടപെടണമെന്നും മപൂൺ കൗൺസിൽ സി.ഇ.ഒ ചാഡ് കിംഗ് ആവശ്യപ്പെട്ടു.