

ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിൽ വാഹനാപകടത്തിൽ രണ്ട് മക്കളുടെ പിതാവായ മലയാളി യുവാവ് മരിച്ചു. 37കാരനായ ശരത് മോഹൻദാസാണ് മരിച്ചത്. ജൂലൈ 19ന് പുലർച്ചെ 1.30ഓടെയാണ് ബ്രൂക്ക്വാട്ടറിലെ അഗസ്റ്റ പാർക്ക്‌വേയും മഗ്നോളിയ ഡ്രൈവുമുള്ള ഭാഗത്ത് അപകടമുണ്ടായത്. ശരത് സഞ്ചരിച്ചിരുന്ന ടെസ്‌ല മോഡൽ Y റോഡിൽ നിന്ന് തെന്നിമാറി മരത്തിലിടിച്ച് തീപിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ശരത് മരിച്ചതായി അടിയന്തര സേവന വിഭാഗങ്ങൾ സ്ഥിരീകരിച്ചു.
ശരത്തിന്റെ ഭാര്യ സിത്താര ശിവദാസനും രണ്ട് മക്കളും രണ്ട് മാസം മുമ്പാണ് കേരളത്തിൽ നിന്ന് ഓസ്‌ട്രേലിയയിലെത്തിയത്. കുടുംബമായി ഒരുമിച്ച് പുതിയ ജീവിതം ആരംഭിച്ചതിന് പിന്നാലെയാണ് ദുരന്തമുണ്ടായത്. കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്ന ശരത് മികച്ച ഭാവിക്കായി കഠിനമായി ജോലി ചെയ്തിരുന്നുവെന്ന് സിത്താര പറഞ്ഞു. ഭർത്താവിനെ തന്റെ ഏറ്റവും അടുത്ത സുഹൃത്തും മക്കളുടെ സ്നേഹനിധിയായ പിതാവുമായാണ് സിത്താര വിശേഷിപ്പിച്ചത്.
ശരത്തിന്റെ മൃതദേഹം തൃശൂരിലെ ജന്മനാട്ടിൽ എത്തിച്ച് സംസ്കരിക്കാനും സിത്താരയ്ക്കും മക്കൾക്കും ഇന്ത്യയിലേക്ക് മടങ്ങാനും സഹായിക്കുന്നതിനായി കുടുംബം ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. "ഒരു നിമിഷംകൊണ്ട് ഞങ്ങളുടെ ലോകം തകർന്നു. എന്റെ മക്കൾക്ക് അവരുടെ സ്നേഹനിധിയായ അച്ഛനെയും എനിക്ക് ജീവിതപങ്കാളിയെയും നഷ്ടപ്പെട്ടു," സിത്താര ധനസമാഹരണ പേജിൽ കുറിച്ചു. അപകടത്തിന് അഞ്ച് ആഴ്ച മുമ്പാണ് കുടുംബം പുതിയ ടെസ്‌ല മോഡൽ Y സ്വന്തമാക്കിയത്. ശരത്തിന്റെ വേർപാടിനെത്തുടർന്ന് കുടുംബത്തെ സഹായിക്കാൻ സുഹൃത്തുക്കളും ബന്ധുക്കളും പൊതുജനങ്ങളോട് അഭ്യർഥിച്ചു.