

ബ്രിസ്‌ബെയ്ൻ: തെക്കുകിഴക്കൻ ക്വീൻസ്‌ലൻഡിൽ ഉയർന്ന ചൂടിന് പിന്നാലെ ഈ ആഴ്ച ശക്തമായ ഇടിമിന്നലിനും ആലിപ്പഴ വീഴ്ചയ്ക്കുംസാധ്യതയുണ്ടെന്ന് ഓസ്‌ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച ബ്രിസ്‌ബെയ്‌നിൽ 31 ഡിഗ്രി സെൽഷ്യസും ഇപ്‌സ്‌വിച്ചിൽ 34 ഡിഗ്രിയും ടൂവൂംബയിൽ 30 ഡിഗ്രിയും വരെ താപനില ഉയർന്നേക്കും. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മോർട്ടൻ ബേയിൽ ബ്യൂറോ ഓഫ് മെറ്റീരിയോളജി താൽക്കാലികമായി കടുത്ത ഇടിമിന്നൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
സംസ്ഥാനത്തിലൂടെ കടന്നുപോകുന്ന അന്തരീക്ഷ ന്യൂനമർദ്ദ പാത്തികൾ മഴയ്ക്കും ഇടിമിന്നലിനും കൂടുതൽ അനുകൂല സാഹചര്യമൊരുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ബ്രാൻഡൻ ക്രെയ്ഗ് വ്യക്തമാക്കി. ന്യൂ സൗത്ത് വെയിൽസ് അതിർത്തിയോട് ചേർന്നുള്ള ഗോൾഡ് കോസ്റ്റ് മേഖലകളിലും ഉൾനാടൻ പ്രദേശമായ ഗ്രാനൈറ്റ് ബെൽറ്റിലും വലിയ അളവിൽ ആലിപ്പഴം വീഴാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച മുതൽ തെക്കൻ ബ്രിസ്‌ബെയ്‌നിലും വ്യാഴാഴ്ച വരെ സംസ്ഥാനത്തിന്റെ വലിയൊരു ഭാഗത്തും മഴയും ഇടിമിന്നലും തുടർന്നേക്കാം. ശക്തമായ ഇടിമിന്നൽ ഉണ്ടാകുന്ന പ്രദേശങ്ങളിൽ 20 മുതൽ 50 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.