ക്വീൻസ്‌ലാൻഡിൽ 10 കോടി വർഷം പഴക്കമുള്ള പുതിയ പക്ഷിയുടെ ഫോസിൽ കണ്ടെത്തി

ടൗൺസ്‌വില്ലിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെയുള്ള റിച്ച്മണ്ടിന് സമീപം പുരാതന ഉൾക്കടലിന്റെ അവശിഷ്ടങ്ങളിൽ ഖനനം നടത്തുന്നതിനിടെയാണ് നീളമുള്ള അസ്ഥി കണ്ടെത്തിയത്.
ക്വീൻസ്‌ലാൻഡിൽ 10 കോടി വർഷം പഴക്കമുള്ള പുതിയ പക്ഷിയുടെ ഫോസിൽ കണ്ടെത്തി
(Supplied: University of New England)
Published on: 

ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലെ ഉൾപ്രദേശത്ത് നിന്ന് 10 കോടി വർഷത്തിലേറെ പഴക്കമുള്ള അപൂർവ പക്ഷിയുടെ ഫോസിൽ കണ്ടെത്തി. ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ ജീവിച്ചിരുന്ന പുതിയ ഇനം പ്രാചീന പക്ഷിയെയാണ് കണ്ടെത്തിയതെന്ന് ഗവേഷകർ അറിയിച്ചു. ടൗൺസ്‌വില്ലിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെയുള്ള റിച്ച്മണ്ടിന് സമീപം പുരാതന ഉൾക്കടലിന്റെ അവശിഷ്ടങ്ങളിൽ ഖനനം നടത്തുന്നതിനിടെയാണ് നീളമുള്ള അസ്ഥി കണ്ടെത്തിയത്. മറൈൻ ഫോസിൽ മ്യൂസിയമായ ക്രോണോസോറസ് കോർണറിലെ അന്നത്തെ ക്യൂറേറ്റർ കെവിൻ പീറ്റേഴ്‌സനാണ് അസ്ഥി കണ്ടെത്തിയത്.

ക്വീൻസ്‌ലാൻഡിൽ 10 കോടി വർഷം പഴക്കമുള്ള പുതിയ പക്ഷിയുടെ ഫോസിൽ കണ്ടെത്തി
Matt White(Supplied: University of New England)

തുടർന്ന് അസ്ഥിയുടെ ചിത്രം യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ ഇംഗ്ലണ്ടിലെ പാലിയന്റോളജിസ്റ്റ് ഡോ. മാറ്റ് വൈറ്റിന് അയച്ചു. പരിശോധനയ്ക്കായി റിച്ച്മണ്ടിലെത്തിയ അദ്ദേഹം ഒരാഴ്ചയ്ക്കുള്ളിൽ മറ്റൊരു അസ്ഥിയും കണ്ടെത്തി. പക്ഷിയുടെ കാലിലെ സംയോജിത അസ്ഥിയായ ടാർസോമെറ്റാറ്റാർസസ്, കാലിലെ പ്രധാന നീളമേറിയ അസ്ഥിയായ ടിബിയോടാർസസ് എന്നിവയുടെ ഫോസിലുകളാണ് പുതിയ ഇനം തിരിച്ചറിയാൻ ഗവേഷകർ ഉപയോഗിച്ചത്. Tenuicruris piscanexum എന്ന് പേരിട്ടിരിക്കുന്ന ഈ പക്ഷി ഏകദേശം 10 കോടി വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നതായാണ് ഗവേഷകരുടെ നിഗമനം. ഇതിന് ഏകദേശം സ്ക്രബ് ടർക്കിയുടെ വലുപ്പമുണ്ടായിരുന്നെന്നും പല്ലുകൾ ഉണ്ടായിരുന്നിരിക്കാമെന്നും ഗവേഷകർ കരുതുന്നു. ചൈനയിലും ജർമനിയിലും കണ്ടെത്തിയ അതേ കാലഘട്ടത്തിലെ കൂടുതൽ പൂർണമായ പക്ഷിഫോസിലുകൾ ഉപയോഗിച്ചാണ് ഇതിന്റെ രൂപം സംബന്ധിച്ച നിഗമനങ്ങൾ നടത്തിയത്.

ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ പ്രാചീന പക്ഷികൾക്ക് അവയുടെ ഉരഗ പൂർവികരുമായി നിരവധി സവിശേഷതകൾ പങ്കിട്ടിരുന്നുവെന്ന് ഗവേഷണത്തിൽ ഉൾപ്പെടാത്ത ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ പ്രൊഫസർ മൈക്ക് ആർച്ചർ പറഞ്ഞു. പക്ഷികൾ യഥാർത്ഥത്തിൽ ദിനോസറുകളുടെ വിഭാഗത്തിൽപ്പെടുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയിൽ ഇന്നത്തെ കാലത്ത് നിരവധി പക്ഷിയിനങ്ങൾ ഉണ്ടെങ്കിലും ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ പക്ഷികളുടെ ഫോസിൽ രേഖകൾ വളരെ പരിമിതമാണ്. റിച്ച്മണ്ട് കണ്ടെത്തലിന് മുമ്പ് ഈ കാലഘട്ടത്തിൽ നിന്നുള്ള ഏതാനും പക്ഷിയസ്ഥികൾ മാത്രമാണ് ഓസ്‌ട്രേലിയയിൽ കണ്ടെത്തിയിരുന്നത്. പക്ഷികളുടെ അസ്ഥികൾ വളരെ നേർത്തതും ദുർബലവുമായതിനാൽ ഫോസിലായി സംരക്ഷിക്കപ്പെടാനുള്ള സാധ്യത കുറവാണെന്നും ഗവേഷകർ പറഞ്ഞു. റിച്ച്മണ്ടിലെ കണ്ടെത്തൽ പുരാതന പക്ഷികളുടെ ജീവചരിത്രത്തെയും അവയുടെ സഞ്ചാരരീതികളെയും കുറിച്ച് പുതിയ വിവരങ്ങൾ നൽകുന്നതായും ഗവേഷകർ വ്യക്തമാക്കി. പുരാതന ഉൾക്കടലിന്റെ കരയിൽ നിന്ന് അകലെയുള്ള ഭാഗത്തായിരിക്കാം ഈ പക്ഷി ജീവിച്ചിരുന്നതെന്നും മത്സ്യങ്ങളെ തേടി വലിയ ജലപ്രദേശങ്ങളിലൂടെ സഞ്ചരിച്ചിരുന്നിരിക്കാമെന്നും ഗവേഷകർ വിലയിരുത്തുന്നു.

Metro Australia
maustralia.com.au