തദ്ദേശീയർക്കിടയിൽ റുമാറ്റിക് ഹൃദ്രോഗം ഇരട്ടിയാകുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്

ഓസ്‌ട്രേലിയയിലെ മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് തദ്ദേശീയ ഗോത്രവർഗ്ഗക്കാർക്ക് ഈ രോഗം വരാനുള്ള സാധ്യത 582 മടങ്ങ് കൂടുതലാണ്.
തദ്ദേശീയർക്കിടയിൽ റുമാറ്റിക് ഹൃദ്രോഗം ഇരട്ടിയാകുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്
PRD
Published on

ഡാർവിൻ: മുൻപ് 'വൈറ്റ് ഓസ്‌ട്രേലിയ' (White Australia) പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ പൂർണ്ണമായും തുടച്ചുനീക്കിയതും, എന്നാൽ ഓസ്‌ട്രേലിയയിലെ തദ്ദേശീയ ഗോത്രവിഭാഗങ്ങൾക്കിടയിൽ ഇപ്പോഴും മാരകമായി തുടരുന്നതുമായ റുമാറ്റിക് ഹൃദ്രോഗബാധിതരുടെ (Rheumatic Heart Disease - RHD) എണ്ണം ഓസ്‌ട്രേലിയയിലെ 'ഡൂമഡ്‌ജി' (Doomadgee) മേഖലയിൽ ഇരട്ടിയായതായി റിപ്പോർട്ട്. ലഹരിയോ മറ്റ് ജീവിതശൈലീ രോഗങ്ങളോ മൂലമല്ലാതെ, കൃത്യമായ ശുചിത്വമില്ലായ്മ കൊണ്ടും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതു കൊണ്ടും മാത്രം ഉണ്ടാകുന്ന ഈ ഹൃദ്രോഗ ബാധിതരുടെ എണ്ണം കഴിഞ്ഞ നാല് വർഷത്തിനിടെ 86 ശതമാനമാണ് വർദ്ധിച്ചത്.

ബാക്ടീരിയൽ അണുബാധകൾ കൃത്യസമയത്ത് ചികിത്സിക്കാതെ വരുമ്പോൾ ഹൃദയത്തിലെ വാൽവുകളെ സ്ഥിരമായി തകരാറിലാക്കുന്ന ഒരു രോഗമാണിത്. ഈ രോഗം ബാധിച്ചവർ രോഗാവസ്ഥ വഷളാകാതിരിക്കാൻ ഓരോ 3-4 ആഴ്ച കൂടുമ്പോഴും 'ബിസിലിൻ' (Bicillin L-A) പെൻസിലിൻ കുത്തിവെപ്പുകൾ എടുക്കേണ്ടതുണ്ട്. തന്റെ സഹോദരിയും മകളും ഇതേ രോഗം ബാധിച്ച് മരിച്ചതിനെത്തുടർന്ന് നീതിക്കായി പോരാടുന്ന തദ്ദേശീയ നേതാവ് അലക് ഡൂമഡ്‌ജി ആരോഗ്യരംഗത്തെ കടുത്ത വിവേചനത്തിനെതിരെ രംഗത്തെത്തി. "എന്റെ ജനങ്ങൾ കൂട്ടത്തോടെ മരിച്ചുവീഴുന്നത് കണ്ട് ഞാൻ മടുത്തു," അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

2023-ൽ ഡൂമഡ്‌ജിയിലെ ആശുപത്രി അധികൃതരുടെയും പ്രാദേശിക ആരോഗ്യ കേന്ദ്രമായ ഗിഡ്ജി ഹീലിങ്ങിന്റെയും ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയെത്തുടർന്ന് മൂന്ന് തദ്ദേശീയ സ്ത്രീകൾ മരിച്ച സംഭവം വലിയ വിവാദമായിരുന്നു. തുടർന്ന് നടത്തിയ ഔദ്യോഗിക അന്വേഷണത്തിൽ രോഗികളുടെ വിവരങ്ങൾ കൈമാറുന്നതിലും കൃത്യമായ തുടർചികിത്സ നൽകുന്നതിലും ആരോഗ്യ വകുപ്പ് പൂർണ്ണമായി പരാജയപ്പെട്ടതായി കണ്ടെത്തി. തുടർന്ന് ശുചിത്വം ഉറപ്പാക്കാനും രോഗനിർണ്ണയം ശക്തമാക്കാനും ശുപാർശകൾ വന്നെങ്കിലും രോഗികളുടെ എണ്ണം ഇപ്പോഴും കൂടുകയാണ്.

അമിത ജനസാന്ദ്രതയുള്ള ചെറിയ വീടുകൾ, തുണി അലക്കാനുള്ള ആധുനിക സൗകര്യങ്ങളുടെ കുറവ്, മോശം ശുചിത്വം എന്നിവയാണ് തദ്ദേശീയർക്കിടയിൽ ഈ രോഗം വരാനുള്ള പ്രധാന കാരണം. ഓസ്‌ട്രേലിയയിലെ മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് തദ്ദേശീയ ഗോത്രവർഗ്ഗക്കാർക്ക് ഈ രോഗം വരാനുള്ള സാധ്യത 582 മടങ്ങ് കൂടുതലാണ്. ഒരിക്കൽ ബാധിച്ചാൽ ഭേദമാക്കാൻ കഴിയാത്ത ഈ രോഗത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്ന് ഗിഡ്ജി ഹീലിങ് സി.ഇ.ഓ ഡോ. മൻജിത് സെഖോൺ കുറ്റപ്പെടുത്തി. വെറും അഞ്ച് മിനിറ്റ് കൊണ്ട് ആശുപത്രിയിൽ നിന്നും ഇൻജക്ഷൻ നൽകി വിടുന്നതിന് പകരം, പ്രാഥമിക ആരോഗ്യ സംവിധാനത്തിലൂടെ കൃത്യമായ ബോധവൽക്കരണം നൽകിയാൽ മാത്രമേ ഈ രോഗത്തെ പൂർണ്ണമായി തുടച്ചുനീക്കാൻ സാധിക്കൂ എന്നും അവർ വ്യക്തമാക്കി.

Metro Australia
maustralia.com.au