

ബ്രിസ്‌ബെയ്ൻ: ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിൽ പ്രവർത്തിക്കുന്ന ബാലകുറ്റവാളികളെ പാർപ്പിക്കുന്ന ഡിറ്റൻഷൻ സെന്ററുകളിൽ ജീവനക്കാരുടെ കടുത്ത ക്ഷാമം മൂലം കുട്ടികളെ വാരാന്ത്യം മുഴുവൻ സെല്ലുകളിൽ പൂട്ടിയിട്ടതായി (Lockdown) ആരോപണം. ഇതിന് പിന്നാലെ സുരക്ഷാ ഭീഷണികളും കടുത്ത ജോലിഭാരവും ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തുടനീളമുള്ള ഡസൻകണക്കിന് ജീവനക്കാർ ജോലി ബഹിഷ്‌കരിച്ച് തെരുവിലിറങ്ങി.
ബ്രിസ്‌ബെയ്ൻ, ക്ലീവ്‌ലാൻഡ്, വെസ്റ്റ് മോറെറ്റൺ യൂത്ത് ഡിറ്റൻഷൻ സെന്ററുകൾ, വാകോൾ യൂത്ത് റിമാൻഡ് സെന്റർ എന്നിവിടങ്ങളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഈ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ കുട്ടികളെ പാർപ്പിച്ചിരിക്കുകയാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ജുവനൈൽ ഹോമുകളിലെ ജീവനക്കാർക്ക് നേരെ കുട്ടികളിൽ നിന്ന് നൂറുകണക്കിന് ആക്രമണങ്ങളാണ് ഉണ്ടായത്. ജീവനക്കാരുടെ കുറവും അമിത തിരക്കും മൂലം ജോലി ചെയ്യാൻ സുരക്ഷിതമല്ലാത്ത അന്തരീക്ഷമാണെന്ന് ചൂണ്ടിക്കാണിച്ച് ഓസ്‌ട്രേലിയൻ വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്.
ഏകാന്ത തടവിന് തുല്യമെന്ന് മനുഷ്യാവകാശ സംഘടനകൾ:
ജീവനക്കാരുടെ ക്ഷാമം കാരണം കൗമാരക്കാരായ കുട്ടികളെ ക്രൂരമായ സാഹചര്യങ്ങളിലാണ് പാർപ്പിക്കുന്നതെന്ന് യൂത്ത് അഡ്വക്കസി സെന്റർ ചീഫ് എക്സിക്യൂട്ടീവ് കാതറിൻ ഹെയ്സ് (Katherine Hayes) കുറ്റപ്പെടുത്തി. പല കേന്ദ്രങ്ങളിലും 10 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളെ തുടർച്ചയായി 23 മണിക്കൂർ വരെ സെല്ലുകളിൽ അടച്ചിടുകയാണ്. ഇത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം 'ഏകാന്ത തടവിന്' തുല്യമാണെന്നും കുട്ടികളുടെ മാനസികാരോഗ്യത്തെ ഇത് തകിടം മറിക്കുമെന്നും അവർ പറഞ്ഞു. വീട്ടിലേക്ക് ഫോൺ വിളിക്കാൻ വേണ്ടി മാത്രമാണ് പലപ്പോഴും അഞ്ച് മിനിറ്റത്തേക്ക് ഇവരെ പുറത്തിറക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത കോൺക്രീറ്റ് ബോക്സുകൾ പോലുള്ള സെല്ലുകളിലാണ് കുട്ടികൾ കഴിയുന്നതെന്നും ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.
ബ്രിസ്‌ബെയ്നിൽ വലിയ കായിക മത്സരങ്ങളോ മ്യൂസിക് ഫെസ്റ്റിവലുകളോ നടക്കുമ്പോഴെല്ലാം ജീവനക്കാർ അവധിയിലാകുന്നത് ഇത്തരം ലോക്ഡൗണുകൾ പതിവാക്കാൻ കാരണമാകുന്നുണ്ട്. അതേസമയം, വരാനിരിക്കുന്ന ശമ്പള പരിഷ്‌കരണ ചർച്ചകൾക്ക് മുന്നോടിയായി യൂണിയനുകൾ നടത്തുന്ന സ്ഥിരം തന്ത്രമാണിതെന്നും വകുപ്പ് ചർച്ചകൾക്ക് തയ്യാറാണെന്നും യൂത്ത് ജസ്റ്റിസ് മന്ത്രി ലോറ ഗെർബർ (Laura Gerber) പ്രതികരിച്ചു.