

ബ്രിസ്‌ബെയ്ൻ: ക്വീൻസ്‌ലൻഡിലെ തൊഴിൽ നഷ്ടപരിഹാര ഇൻഷുറൻസ് ഏജൻസിയായ 'വർക്ക് കവറിൽ' (WorkCover) മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് തൊഴിലാളികൾ സമർപ്പിക്കുന്ന ക്ലെയിമുകളുടെ എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരട്ടിയിലധികമായി വർധിച്ചു. ക്ലെയിമുകൾ ഉയർന്നതോടെ ചെലവ് ചുരുക്കാൻ സർക്കാർ അർഹതാ മാനദണ്ഡങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന കടുത്ത ആശങ്കയിലാണ് ട്രേഡ് യൂണിയനുകളും നിയമവിദഗ്ദ്ധരും.
വർക്ക് കവറിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം 4,110 മാനസികാഘാത ക്ലെയിമുകളാണ് അംഗീകരിച്ചത്. 2021-2022 കാലയളവിലെ 1,974 ക്ലെയിമുകളെ അപേക്ഷിച്ച് 108 ശതമാനത്തിന്റെ വർധനവാണിത്. പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD), വിഷാദം, ഉത്കണ്ഠ തുടങ്ങിയവയാണ് ഭൂരിഭാഗം ക്ലെയിമുകളിലും ഉള്ളത്. വർധിച്ചുവരുന്ന ജോലിഭാരം, തൊഴിലിടങ്ങളിലെ ആക്രമണങ്ങൾ, മാനസിക പീഡനം എന്നിവയാണ് ക്ലെയിമുകൾ കുതിച്ചുയരാൻ കാരണമെന്ന് പ്രമുഖ കോമ്പൻസേഷൻ അഭിഭാഷക ആലിസൺ ബാരറ്റ് ചൂണ്ടിക്കാട്ടി. ആരോഗ്യം, വിദ്യാഭ്യാസം, പോലീസ്, ചൈൽഡ് സേഫ്റ്റി തുടങ്ങിയ പബ്ലിക് സെക്ടർ ഫ്രണ്ട്‌ലൈൻ വിഭാഗങ്ങളിലെ ജീവനക്കാരാണ് ഏറ്റവും കൂടുതൽ മാനസികാഘാതം നേരിടുന്നതെന്ന് ക്വീൻസ്‌ലൻഡ് കൗൺസിൽ ഓഫ് യൂണിയൻസ് ജനറൽ സെക്രട്ടറി ജാക്വലിൻ കിംഗ് പറഞ്ഞു.
ശാരീരിക പരിക്കുകളേക്കാൾ കൂടുതൽ ദിവസം ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നതും (ശരാശരി 123 ദിവസത്തെ വേതനം), തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള നിരക്ക് കുറവാണെന്നതും (71.4%) മാനസികാരോഗ്യ ക്ലെയിമുകളുടെ പ്രത്യേകതയാണ്. കഴിഞ്ഞ വർഷം മാത്രം 334 ദശലക്ഷം ഡോളറാണ് ഇത്തരത്തിൽ നഷ്ടപരിഹാരമായി വിതരണം ചെയ്തത്. വർക്ക് കവർ പദ്ധതിയുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ സ്വതന്ത്ര അവലോകനം നടക്കുന്ന പശ്ചാത്തലത്തിൽ, ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കരുതെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.