

ബ്രിസ്‌ബേൻ: വസന്തകാലത്തിന്റെ (Spring) ആദ്യ വാരത്തിൽ തന്നെ ഓസ്‌ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്‌ലൻഡിൽ അസാധാരണമായ താപനില വർദ്ധനവ് രേഖപ്പെടുത്തി കാലാവസ്ഥാ വ്യതിയാനം. ബ്യൂറോ ഓഫ് മീറ്റിയോറോളജിയുടെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തിന്റെ തെക്കുകിഴക്കൻ തീരദേശ നഗരങ്ങളിലും കിഴക്കൻ ജില്ലകളിലും താപനില ശരാശരിയേക്കാൾ 4 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം. ബ്രിസ്‌ബേനിലെ ഉയർന്ന താപനില 33 ഡിഗ്രി സെൽഷ്യസ് വരെയും, പടിഞ്ഞാറൻ മേഖലയായ ബേർഡ്‌സ്‌വില്ലിൽ (Birdsville) 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കാം.
പടിഞ്ഞാറൻ കാറ്റും അന്തരീക്ഷത്തിലെ ഉയർന്ന മർദ്ദവുമാണ് പെട്ടെന്നുള്ള ചൂടിനും വരണ്ട കാലാവസ്ഥയ്ക്കും കാരണമാകുന്നത്. അടുത്ത ആഴ്ചയുടെ പകുതിയോടെ മാത്രമേ തണുത്ത കാറ്റ് വീശാനും ചൂടിന് നേരിയ ശമനം ലഭിക്കാനും സാധ്യതയുള്ളൂ. താപനില കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ നിർജ്ജലീകരണത്തിനും സൂര്യാഘാതത്തിനും എതിരെ ആരോഗ്യ വിദഗ്ദ്ധർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മുതിർന്ന പൗരന്മാരും കുട്ടികളും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും, സൺസ്‌ക്രീനും തൊപ്പിയും ധരിക്കണമെന്നും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.