സമുദ്രതാപനില ഉയരുന്നു;ക്വീൻസ്‌ലൻഡിൽ അതിതീവ്ര ചുഴലിക്കാറ്റിനും ഉഷ്ണതരംഗത്തിനും സാധ്യത; മുന്നറിയിപ്പ്

വരണ്ട കാലാവസ്ഥ രൂപപ്പെട്ടതോടെ ക്വീൻസ്‌ലൻഡിൽ കാട്ടുതീ സീസണിന് ആശങ്കാജനകമായ തുടക്കമാണ് കുറിച്ചിരിക്കുന്നത്. ക
ക്വീൻസ്‌ലൻഡിൽ അതിതീവ്ര ചുഴലിക്കാറ്റിനും ഉഷ്ണതരംഗത്തിനും സാധ്യത
ക്വീൻസ്‌ലൻഡിൽ അതിതീവ്ര ചുഴലിക്കാറ്റിനും ഉഷ്ണതരംഗത്തിനും സാധ്യത(9 news)
Published on: 

ബ്രിസ്‌ബെയ്ൻ: കോറൽ കടലിലെ (Coral Sea) സമുദ്രോപരിതല താപനില ഗണ്യമായി വർധിച്ചതിനെത്തുടർന്ന് ഈ സീസണിൽ ക്വീൻസ്‌ലൻഡ് തീരത്ത് കാറ്റഗറി 3 അല്ലെങ്കിൽ അതിന് മുകളിലുള്ള അതിതീവ്ര ചുഴലിക്കാറ്റുകൾ രൂപപ്പെടാൻ ഉയർന്ന സാധ്യതയെന്ന് ബ്യൂറോ ഓഫ് മീറ്റിയോറോളജി (BOM) മുന്നറിയിപ്പ് നൽകി. കടലിലെ ഉയർന്ന താപനില ചുഴലിക്കാറ്റുകൾക്ക് കരുത്തുപകരുമെന്നും ഇവ തെക്കൻ തീരങ്ങളിലേക്ക് കൂടുതൽ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷക ലോറ ബോക്കൽ വ്യക്തമാക്കി.

ഡിസംബർ വരെ സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശരാശരിയേക്കാൾ ഉയർന്ന ചൂടും കുറഞ്ഞ മഴയുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇത് സംസ്ഥാനത്ത് ഉഷ്ണതരംഗങ്ങളുടെ (Heatwaves) സാധ്യതയും തീവ്രതയും വർധിപ്പിക്കും. വരണ്ട കാലാവസ്ഥ രൂപപ്പെട്ടതോടെ ക്വീൻസ്‌ലൻഡിൽ കാട്ടുതീ സീസണിന് ആശങ്കാജനകമായ തുടക്കമാണ് കുറിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനത്തിലധികം വർധനവാണ് കാട്ടുതീ സംഭവങ്ങളിൽ രേഖപ്പെടുത്തിയത്. സെപ്റ്റംബർ ഒന്നു മുതൽ ഇതുവരെ രണ്ടായിരത്തോളം കാട്ടുതീ സംഭവങ്ങളിലാണ് സേന ഇടപെട്ടതെന്ന് ക്വീൻസ്‌ലൻഡ് ഫയർ ഡിപ്പാർട്ട്‌മെന്റ് കമ്മീഷണർ സ്റ്റീവ് സ്മിത്ത് അറിയിച്ചു. കഴിഞ്ഞ നാല് വർഷങ്ങളിലായി ലഭിച്ച മികച്ച മഴ കാരണം കാടുകളിൽ ഉണങ്ങിയ പുല്ലും അടിക്കാടുകളും വൻതോതിൽ നിറഞ്ഞിരിക്കുന്നത് തീപിടുത്ത സാധ്യത വർധിപ്പിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Metro Australia
maustralia.com.au