

ബ്രിസ്‌ബെയ്ൻ: ക്വീൻസ്‌ലൻഡിലെ സ്കൂൾ അവധിക്കാലത്തിന്റെ (School holidays) രണ്ടാം വാരത്തിന്റെ തുടക്കത്തിൽ ബീച്ചുകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എത്തുന്നവരുടെ പദ്ധതികൾക്ക് തിരിച്ചടിയായി തെക്കുകിഴക്കൻ മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (BoM). തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മേഖലയിലുടനീളം മൂടിക്കെട്ടിയ ആകാശവും ഇടവിട്ടുള്ള മഴയും തുടരുമെങ്കിലും ബുധനാഴ്ചയോടെ വീണ്ടും തെളിഞ്ഞ കാലാവസ്ഥ തിരിച്ചെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
ഗോൾഡ് കോസ്റ്റിൽ 15 മില്ലിമീറ്റർ വരെയും, ബ്രിസ്‌ബെയ്നിലും സൺഷൈൻ കോസ്റ്റിലും 9 മില്ലിമീറ്റർ വരെയും മഴ ലഭിച്ചേക്കാം. ന്യൂ സൗത്ത് വെയിൽസ് തീരത്തുനിന്നെത്തുന്ന തെക്കുകിഴക്കൻ കാറ്റിന്റെ മാറ്റമാണ് അന്തരീക്ഷത്തിൽ പെട്ടെന്നുള്ള തണുപ്പിനും മഴയ്ക്കും കാരണമാകുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധൻ ബാദൻ ഗിൽബർട്ട് വ്യക്തമാക്കി. എന്നാൽ ചൊവ്വാഴ്ച ഉച്ചയോടെ മഴ കുറഞ്ഞ് ബുധനാഴ്ച മുതൽ അവധിക്കാലത്തിന്റെ അവസാന വാരാന്ത്യം വരെ തെളിഞ്ഞ അന്തരീക്ഷമായിരിക്കും. അതേസമയം, ടൗൺസ്‌വിൽ, റോക്ക്‌ഹാംപ്ടൺ, ബന്ദാബർഗ് തുടങ്ങിയ മറ്റ് മേഖലകളിൽ തെളിഞ്ഞ കാലാവസ്ഥയും ലോംഗ്‌റീച്ച്, മൗണ്ട് ഇസ എന്നിവിടങ്ങളിൽ 35 ഡിഗ്രി സെൽഷ്യസ് വരെ ചൂടും തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.