ജയിലുകളിൽ തടവുകാരുടെ ബാഹുല്യം; ഒറ്റ സെല്ലിൽ 3 പേരെ വീതം താമസിപ്പിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ഇത് ജയിലുകളിൽ വലിയ ശുചിത്വ പ്രതിസന്ധിക്കും സംഘർഷങ്ങൾക്കും സുരക്ഷാ വീഴ്ചകൾക്കും കാരണമാകുമെന്നും യൂണിയൻ ചൂണ്ടിക്കാട്ടുന്നു.
Jail
ജയിൽYe Jinghan/ Unsplash
Published on: 

ബ്രിസ്ബേൻ: ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് കർശന തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ക്വീൻസ്‌ലൻഡിലെ ജയിലുകൾ ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. തടവുകാരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതോടെ ഒരാൾക്ക് മാത്രം കഴിയാവുന്ന സെല്ലുകളിൽ മൂന്ന് തടവുകാരെ വീതം താമസിപ്പിക്കേണ്ടി വരുമെന്ന് ജയിൽ ജീവനക്കാരുടെ സംഘടനയായ ടുഗെദർ ക്വീൻസ്‌ലൻഡ്മു ന്നറിയിപ്പ് നൽകി. ഇത് ജയിലുകളിൽ വലിയ ശുചിത്വ പ്രതിസന്ധിക്കും സംഘർഷങ്ങൾക്കും സുരക്ഷാ വീഴ്ചകൾക്കും കാരണമാകുമെന്നും യൂണിയൻ ചൂണ്ടിക്കാട്ടുന്നു.

'ബ്രീച്ച് ബെയ്ൽ ഗോ ടു ജയിൽ' (Breach Bail Go To Jail) നിയമപ്രകാരം ജാമ്യത്തിലിറങ്ങി ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കും കോടതിയിൽ ഹാജരാകാത്തവർക്കും കുറഞ്ഞത് 12 മാസമെങ്കിലും നിർബന്ധിത തടവ് ശിക്ഷ നൽകാനാണ് വ്യവസ്ഥ. നിലവിൽ തന്നെ ക്വീൻസ്‌ലൻഡിലെ ജയിലുകൾ അവയുടെ പരമാവധി ശേഷിയേക്കാൾ 136 ശതമാനം അധികം തടവുകാരെ ഉൾക്കൊണ്ടാണ് പ്രവർത്തിക്കുന്നത്. പുതിയ നിയമം വഴി കഴിഞ്ഞ വർഷത്തെ കണക്കുകൾ മാത്രം പരിശോധിച്ചാൽ 5,200-ലധികം മുതിർന്നവരും 850-ലധികം കുട്ടികളും പുതുതായി ജയിലുകളിലേക്ക് എത്തുമായിരുന്നു. ബാലനീതി കേന്ദ്രങ്ങളിൽ ഉൾക്കൊള്ളാവുന്നതിന്റെ ഇരട്ടിയിലധികം കുട്ടികൾ എത്തുന്നതോടെ തടവുകാർക്കായി പുറത്ത് ടെന്റുകൾ കെട്ടേണ്ടി വരുമെന്ന് ഓസ്‌ട്രേലിയൻ വർക്കേഴ്‌സ് യൂണിയൻ (AWU) വ്യക്തമാക്കി.

നിലവിലെ ജീവനക്കാരുടെ കുറവ് കാരണം ദിവസത്തിൽ 20 മണിക്കൂറിലധികം തടവുകാരെ സെല്ലുകളിൽ പൂട്ടിയിടേണ്ട സാഹചര്യമാണുള്ളത്. ഇത് അക്രമങ്ങൾ വർദ്ധിക്കുന്നതിനും ജീവനക്കാരുടെ സുരക്ഷയെ ബാധിക്കുന്നതിനും കാരണമാകുമെന്ന് യൂണിയൻ പ്രതിനിധികൾ പറഞ്ഞു. കുറ്റവാളികളുടെ സുഖസൗകര്യങ്ങളേക്കാൾ ഇരകളുടെ അവകാശങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മനുഷ്യാവകാശങ്ങളേക്കാൾ സമൂഹത്തിന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും യൂത്ത് ജസ്റ്റിസ് ആൻഡ് കറക്റ്റീവ് സർവീസസ് മന്ത്രി ലോറ ഗെർബർ വ്യക്തമാക്കി.

Metro Australia
maustralia.com.au