ഫണ്ട് കുറഞ്ഞു; ക്വീൻസ്‌ലാന്റിൽ സൗജന്യ മാനസികാരോഗ്യ സേവനങ്ങൾ വെട്ടിക്കുറയ്ക്കാൻ സാധ്യത

സൗജന്യമായി മാനസികാരോഗ്യ സേവനങ്ങൾ നൽകുന്ന 'ഈറ്റിങ് ഡിസോർഡേഴ്സ് ക്വീൻസ്‌ലാന്റ്' എന്ന സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ബെലിൻഡ ചെലിയസ് ആണ് ബജറ്റിലെ ഫണ്ടിംഗ് കുറവിനെതിരെ പരസ്യമായി രംഗത്തെത്തിയത്
ഫണ്ട് കുറഞ്ഞു; ക്വീൻസ്‌ലാന്റിൽ സൗജന്യ മാനസികാരോഗ്യ സേവനങ്ങൾ വെട്ടിക്കുറയ്ക്കാൻ സാധ്യത
ABC News: Peter Mullins
Published on

ബ്രിസ്ബേൻ: ക്വീൻസ്‌ലാന്റ് സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റിൽ ആവശ്യത്തിന് ധനസഹായം അനുവദിക്കാത്തതിനെത്തുടർന്ന് പ്രവിശ്യയിലെ സൗജന്യ മാനസികാരോഗ്യ സേവനങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക്. ഫണ്ട് കുറഞ്ഞത് മൂലം നിലവിലുള്ള പല കൗൺസിലിംഗ് പദ്ധതികളും വെട്ടിച്ചുരുക്കേണ്ടി വരുമെന്നും ചികിത്സയ്ക്കായുള്ള രോഗികളുടെ കാത്തിരിപ്പ് സമയം വർദ്ധിക്കുമെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചു.

സൗജന്യമായി മാനസികാരോഗ്യ സേവനങ്ങൾ നൽകുന്ന 'ഈറ്റിങ് ഡിസോർഡേഴ്സ് ക്വീൻസ്‌ലാന്റ്' എന്ന സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ബെലിൻഡ ചെലിയസ് ആണ് ബജറ്റിലെ ഫണ്ടിംഗ് കുറവിനെതിരെ പരസ്യമായി രംഗത്തെത്തിയത്. 2022-ന് ശേഷം തങ്ങളുടെ സേവനങ്ങൾ തേടിയെത്തുന്നവരുടെ എണ്ണത്തിൽ 60 ശതമാനത്തിന്റെ വർദ്ധനവുണ്ടായതായി അവർ ചൂണ്ടിക്കാട്ടി. നിലവിൽ 160-ലധികം ആളുകളാണ് കൗൺസിലിംഗിനായി ഇവരുടെ വെയ്റ്റിംഗ് ലിസ്റ്റിലുള്ളത്. കഴിഞ്ഞ മാസത്തെ സംസ്ഥാന ബജറ്റിൽ ഇതര സർക്കാർ ഇതര സംഘടനകൾക്ക് അനുവദിച്ച ഇൻഡെക്സേഷൻ നിരക്ക് (ഭരണച്ചെലവ് വർദ്ധനവിന് ആനുപാതികമായി നൽകുന്ന തുക കേവലം 3.31 ശതമാനമാണ്. എന്നാൽ ജൂൺ മാസം ഫെയർ വർക്ക് കമ്മീഷൻ ജീവനക്കാരുടെ മിനിമം വേതനത്തിൽ 4.75 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. ശമ്പള വർദ്ധനവിന് അനുസൃതമായി സർക്കാർ ഫണ്ട് ഉയർത്താത്തതിനാൽ സന്നദ്ധ സംഘടനകളുടെ ബജറ്റ് വലിയ പ്രതിസന്ധിയിലാകും.

ആശുപത്രികളിലെ തിരക്ക് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്:

ക്വീൻസ്‌ലാന്റിലെ 140-ലധികം മാനസികാരോഗ്യ സംഘടനകളുടെ കൂട്ടായ്മയായ 'ക്വീൻസ്‌ലാന്റ് അലയൻസ് ഫോർ മെന്റൽ ഹെൽത്ത്' ആക്ടിങ് ബോർഡ് ചെയർമാൻ ടാനിയ ഒഷീയും ഈ അവസ്ഥയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി മൂലം ശനി, ഞായർ ദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലും കൗൺസിലിങ് സെന്ററുകൾ തുറന്നു പ്രവർത്തിക്കാനുള്ള പല സംഘടനകളുടെയും പദ്ധതികൾ റദ്ദാക്കിയിരിക്കുകയാണ്. മാനസിക ബുദ്ധിമുട്ടുകൾക്ക് അവധി ദിവസങ്ങളില്ലെന്ന് അവർ ഓർമ്മിപ്പിച്ചു.

പ്രാദേശിക തലത്തിലുള്ള സന്നദ്ധ സംഘടനകളുടെ സേവനങ്ങൾ കുറയുന്നത് വലിയൊരു ദുരന്തത്തിന് കാരണമാകും. രോഗാവസ്ഥ വഷളാകുമ്പോൾ ആളുകൾ കൂട്ടത്തോടെ സർക്കാർ ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റുകളിലേക്ക് അഭയം തേടാൻ ഇത് കാരണമാകും. ഇത് നിലവിൽ തന്നെ തിരക്കേറിയ പൊതുജനാരോഗ്യ സംവിധാനങ്ങളെ തകിടം മറിക്കും. യഥാർത്ഥ ചെലവുകൾക്ക് അനുസൃതമായി ഇൻഡെക്സേഷൻ നിരക്കുകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ സംസ്ഥാന ട്രഷറർ ഡേവിഡ് ജാനെറ്റ്സ്കിക്ക് കത്തയച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പിന്തുടരുന്ന അതേ മാനദണ്ഡങ്ങൾ തന്നെയാണ് ഇപ്പോഴും ഫണ്ട് നിശ്ചയിക്കാൻ ഉപയോഗിക്കുന്നതെന്നാണ് ട്രഷറിയുടെ വിശദീകരണം. ക്വീൻസ്‌ലാന്റിൽ മാത്രം ഏകദേശം 2,50,000 ആളുകൾ ഈറ്റിങ് ഡിസോർഡർ ബാധിതരായി ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. മാനസികാരോഗ്യം എന്നത് ജനങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശമാണെന്നും അഅതിനായുള്ള സൗകര്യങ്ങൾ സർക്കാർ ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെടുന്നു.

Metro Australia
maustralia.com.au