

വിയറ്റ്നാം യുദ്ധത്തിൽ സേവനം അനുഷ്ഠിച്ച സൈനികനാണെന്ന് വ്യാജമായി അവകാശപ്പെട്ട് മറ്റൊരാളുടെ മെഡലുകൾ ധരിച്ച് ചടങ്ങിൽ പങ്കെടുത്തെന്നാരോപിച്ച് 79കാരനെതിരെ പൊലീസ് കേസെടുത്തു. ബണ്ടാബർഗിന് സമീപമുള്ള ജിൻ ജിൻ പ്രദേശത്ത് 2024ൽ നടന്ന Vietnam Veterans Day ചടങ്ങിലാണ് സംഭവം. നിരവധി മെഡലുകൾ ധരിച്ചെത്തിയ ഇയാൾ 1964 മുതൽ 1967 വരെ ഓസ്‌ട്രേലിയൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്നതിനിടെ വിയറ്റ്നാമിൽ വിന്യസിക്കപ്പെട്ടിരുന്നുവെന്ന് അവകാശപ്പെട്ടതായി പൊലീസ് പറഞ്ഞു.
എന്നാൽ അന്വേഷണത്തിൽ ഇയാൾ സൈനിക സേവനകാലത്ത് ഒരു ദിവസം പോലും വിദേശത്ത് സേവനമനുഷ്ഠിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്. വിയറ്റ്നാമിൽ സേവനം അനുഷ്ഠിച്ച ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സ് അംഗങ്ങൾക്ക് നൽകുന്ന നിരവധി മെഡലുകളും ഇയാൾ ചടങ്ങിൽ ധരിച്ചിരുന്നതായും പൊലീസ് ആരോപിച്ചു. ഡാലിസ്ഫോർഡ് സ്വദേശിയായ 79കാരനെതിരെ തിരിച്ചെത്തിയ സൈനികനാണെന്ന് വ്യാജമായി അവകാശപ്പെട്ടതിനും (falsely representing to be a returned soldier), സൈനിക സേവന മെഡലുകൾ അനധികൃതമായി ഉപയോഗിച്ചതിനും കേസെടുത്തു. ചൊവ്വാഴ്ച ബണ്ടാബർഗ് കോടതിയിൽ ഇയാൾ ഹാജരാകും. തിരിച്ചെത്തിയ സൈനികനാണെന്ന് വ്യാജമായി അവകാശപ്പെടുന്ന കുറ്റത്തിന് പരമാവധി 30 പെനാൽറ്റി യൂണിറ്റ് (ഏകദേശം 5,181 ഓസ്‌ട്രേലിയൻ ഡോളർ) പിഴയോ ആറ് മാസം വരെ തടവോ രണ്ടും കൂടിയോ ലഭിക്കാം.