വന്ധ്യതാ ചികിത്സാ ചട്ടങ്ങളിൽ മാറ്റം; ലെസ്ബിയൻ ദമ്പതികളെ ഒരൊറ്റ കുടുംബമായി അംഗീകരിച്ച് ക്വീൻസ്‌ലൻഡ്

ഒരേ ഡോണറുടെ ബീജമോ അണ്ഡമോ ഉപയോഗിച്ച് ഗർഭം ധരിക്കുന്ന ലെസ്ബിയൻ ദമ്പതികളെ രണ്ട് വ്യത്യസ്ത കുടുംബങ്ങളായി കണക്കാക്കിയിരുന്ന വിവാദപരമായ മുൻ വ്യാഖ്യാനമാണ് അധികൃതർ തിരുത്തിയത്.
The updated guidance from Queensland Health.
The updated guidance from Queensland Health. (Supplied: Queensland Health)
Published on

ബ്രിസ്ബെയ്ൻ: അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (ART) നിയമത്തിലെ ഫെർട്ടിലിറ്റി ക്ലിനിക് മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിച്ച് ക്വീൻസ്‌ലൻഡ് ആരോഗ്യ വകുപ്പ്. ഒരേ ഡോണറുടെ ബീജമോ അണ്ഡമോ ഉപയോഗിച്ച് ഗർഭം ധരിക്കുന്ന ലെസ്ബിയൻ ദമ്പതികളെ രണ്ട് വ്യത്യസ്ത കുടുംബങ്ങളായി കണക്കാക്കിയിരുന്ന വിവാദപരമായ മുൻ വ്യാഖ്യാനമാണ് അധികൃതർ തിരുത്തിയത്. പുതിയ നിർദ്ദേശപ്രകാരം, ഒരേ ഡോണറെ ആശ്രയിക്കുന്ന സ്വവർഗ്ഗ പങ്കാളികളെ നിയമപരമായി ഒരൊറ്റ കുടുംബമായിത്തന്നെ പരിഗണിക്കും. 2026 മാർച്ച് 1 മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് തീരുമാനം നടപ്പിലാക്കുന്നത്.

ജനിതക സഹോദരങ്ങൾ തമ്മിൽ അവിചാരിതമായി ബന്ധപ്പെടുന്നത് ഒഴിവാക്കാൻ, ഓസ്‌ട്രേലിയയിൽ ഒരു ഡോണറുടെ സഹായത്തോടെ പരമാവധി 10 കുടുംബങ്ങൾക്ക് മാത്രമേ കുട്ടികളെ സൃഷ്ടിക്കാൻ അനുമതിയുള്ളൂ. എന്നാൽ മുൻപത്തെ വ്യാഖ്യാനം മൂലം ഒരേ ദമ്പതിമാരിലെ രണ്ടുപേരും കുട്ടികളെ പ്രസവിക്കാൻ ആഗ്രഹിച്ചപ്പോൾ അത് രണ്ട് കുടുംബങ്ങളായി വിലയിരുത്തപ്പെടുകയും പലരുടെയും ചികിത്സ അനിശ്ചിതത്വത്തിലാവുകയും ചെയ്തിരുന്നു. തങ്ങളുടെ മുൻ നിലപാട് അനാവശ്യ സങ്കീർണ്ണതകൾ ഉണ്ടാക്കിയെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ഡോ. മരിയാൻ ഗെയ്ൽ സമ്മതിച്ചു. തുടർന്ന് പുതിയ മാറ്റങ്ങൾ വരുത്തിയ ഉത്തരവ് ക്ലിനിക്കുകൾക്ക് കൈമാറി. ആരോഗ്യ വകുപ്പിന്റെ ഈ പുനഃപരിശോധനയെ അവകാശ പ്രവർത്തകരും ഫെർട്ടിലിറ്റി വിദഗ്ദ്ധരും സ്വാഗതം ചെയ്തു.

Metro Australia
maustralia.com.au