

ബ്രിസ്‌ബെയ്ൻ: ക്വീൻസ്‌ലൻഡിലെ ചിൽഡേഴ്‌സിൽ വയോധികനെ ലോഹവടി കൊണ്ട് അടിച്ചുകൊല്ലുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ 36-കാരൻ റിച്ചാർഡ് സോൾട്ടൻ ബാബോസിന് (Richard Zoltan Babos) നൽകിയ മാനസികാരോഗ്യ പരിശോധനകളെയും ചികിത്സകളെയും കുറിച്ച് അടിയന്തിര അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്. പ്രതിയെ കൃത്യത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും ഡിസ്ചാർജ്ജ് ചെയ്തതുമായി ബന്ധപ്പെട്ട് എല്ലാ ക്ലിനിക്കൽ, നിയമപരമായ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ആരോഗ്യ മന്ത്രി ടിം നിക്കോൾസ് ഡയറക്ടർ ജനറലിനും ചീഫ് സൈക്യാട്രിസ്റ്റിനും നിർദ്ദേശം നൽകി.
അക്രമസംഭവങ്ങൾ നടക്കുന്നതിന് രണ്ട് ദിവസം മുൻപ്, മെയ് 25-ന് വൈകുന്നേരം പോലീസാണ് പ്രതിയായ ബാബോസിനെ കാബൂൾച്ചർ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ എത്തിച്ചിരുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലം തനിക്കോ മറ്റുള്ളവർക്കോ അപകടമുണ്ടാക്കാൻ സാധ്യതയുള്ളവരെ നിർബന്ധിത പരിശോധനയ്ക്ക് വിധേയമാക്കാനുള്ള 'എമർജൻസി എക്സാമിനേഷൻ അതോറിറ്റി' നിയമപ്രകാരമാണ് ഇയാളെ എത്തിച്ചത്. എന്നാൽ അന്നുതന്നെ വൈകുന്നേരം ഇയാളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തു. കഴിഞ്ഞ കുറേ വർഷങ്ങളായി ഇയാൾ ക്വീൻസ്‌ലൻഡ് ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ ക്രൂരമായ അക്രമങ്ങൾ നടത്തിയത്.
കഴിഞ്ഞ ബുധനാഴ്ച നോർത്ത് ഐസിസിലെ റോഡിൽ വെച്ച് 78-കാരനായ ലോറൻസ് എലിയറ്റ് എന്ന വയോധികനെ ബാബോസ് ലോഹവടി കൊണ്ട് ക്രൂരമായി അടിച്ചുകൊല്ലുകയായിരുന്നു. ഇതിന് മുൻപ് ചിൽഡേഴ്‌സിലെ നോർത്ത് സ്ട്രീറ്റിൽ വെച്ച് മറ്റൊരു കാറിനെ ഇയാൾ മനഃപൂർവ്വം ഇടിപ്പിക്കുകയും അതിന്റെ 65-കാരനായ ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. അന്നുതന്നെ ഉച്ചയ്ക്ക് ബ്ലൂസ് ഹൈവേയിൽ വെച്ച് ഒരു ടെസ്‌ല കാറിലേക്ക് സ്വന്തം വാഹനം പിന്നോട്ട് ഇടിപ്പിച്ചും ഇയാൾ അക്രമം നടത്തിയിരുന്നു. കൊല്ലപ്പെട്ട വയോധികൻ ഉൾപ്പെടെ അക്രമിക്കപ്പെട്ട ആർക്കും പ്രതിയുമായി മുൻപരിചയമില്ലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകം, വധശ്രമം, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ട പ്രതിയെ ഗ്ലാഡ്‌സ്റ്റൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കേസ് കൂടുതൽ വാദത്തിനായി ഓഗസ്റ്റ് 25-ലേക്ക് മാറ്റിയിരിക്കുകയാണ്.