കുട്ടികളുടെ സംരക്ഷണത്തിന് ദത്തെടുക്കലിന് മുൻഗണന;ക്വീൻസ്‌ലാന്റ് കമ്മീഷൻ റിപ്പോർട്ടിനെതിരെ പ്രതിഷേധം

കുട്ടികളെ ദീർഘകാലം റെസിഡൻഷ്യൽ കെയറുകളിൽ (യൂത്ത് ഹോമുകൾ) പാർപ്പിക്കുന്നതിന് പകരം, കുടുംബ അന്തരീക്ഷത്തിലേക്ക് മാറ്റുന്നതിനായി ദത്തെടുക്കൽ നിയമങ്ങൾ കൂടുതൽ ശക്തമാക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ
കുട്ടികളുടെ സംരക്ഷണത്തിന് ദത്തെടുക്കലിന് മുൻഗണന;ക്വീൻസ്‌ലാന്റ് കമ്മീഷൻ റിപ്പോർട്ടിനെതിരെ പ്രതിഷേധം
ABC News
Published on

ബ്രിസ്‌ബെയ്ൻ: ക്വീൻസ്‌ലാന്റിലെ ചൈൽഡ് സേഫ്റ്റി സംവിധാനങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ ഓഫ് ഇൻക്വയറി തങ്ങളുടെ 1,300 പേജുള്ള സമഗ്ര റിപ്പോർട്ട് പുറത്തുവിട്ടു. കമ്മീഷൻ തലവൻ പോൾ അനസ്റ്റാസിയു കെസി ) സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ 52 നിർദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. കുട്ടികളെ ദീർഘകാലം റെസിഡൻഷ്യൽ കെയറുകളിൽ (യൂത്ത് ഹോമുകൾ) പാർപ്പിക്കുന്നതിന് പകരം, കുടുംബ അന്തരീക്ഷത്തിലേക്ക് മാറ്റുന്നതിനായി ദത്തെടുക്കൽ നിയമങ്ങൾ കൂടുതൽ ശക്തമാക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ. കുട്ടികളുടെ സാംസ്കാരിക പശ്ചാത്തലമോ വംശീയതയോ ദത്തെടുക്കലിന് തടസ്സമാകരുതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

എന്നാൽ, ഈ നിർദ്ദേശത്തിനെതിരെ വലിയ പ്രതിഷേധവുമായി ആദിവാസി മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ദത്തെടുക്കലിന് മുൻഗണന നൽകുന്നത് ഓസ്‌ട്രേലിയൻ ചരിത്രത്തിലെ കറുത്ത അധ്യായമായ 'മോഷ്ടിക്കപ്പെട്ട തലമുറയെ' (Stolen Generation - ആദിവാസി കുട്ടികളെ മാതാപിതാക്കളിൽ നിന്ന് നിർബന്ധപൂർവ്വം മാറ്റിയ ചരിത്രം) വീണ്ടും ആവർത്തിക്കാൻ ഇടയാക്കുമെന്ന് 'സിസ്റ്റേഴ്സ് ഇൻസൈഡ്' സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ഡെബി കിൽറോയ് (Debbie Kilroy) ആശങ്ക പ്രകടിപ്പിച്ചു. ദാരിദ്ര്യവും ഭവനരഹിതരുമായ കുടുംബങ്ങളിലെ കുട്ടികളെ മാതാപിതാക്കളിൽ നിന്ന് മാറ്റുന്നതിന് പകരം അവർക്ക് സാമ്പത്തിക സഹായം നൽകി സ്വന്തം സമൂഹത്തിൽ വളർത്താൻ സഹായിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് അവർ ചൂണ്ടിക്കാണിച്ചു.

പരാജയപ്പെട്ട ഐ.ടി സിസ്റ്റവും അന്വേഷണ വൈകല്യങ്ങളും:

റിപ്പോർട്ട് പ്രകാരം 2019-ന് ശേഷം ക്വീൻസ്‌ലാന്റിലെ ചൈൽഡ് കെയർ ഹോമുകളിൽ നിന്ന് ഒരൊറ്റ കുട്ടിയെപ്പോലും ദത്തെടുത്തിട്ടില്ല. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കുന്നതിൽ വകുപ്പിന് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 'യൂണിഫൈ' (Unify) എന്ന പേരിൽ വകുപ്പ് നടപ്പിലാക്കിയ പുതിയ ഐ.ടി സിസ്റ്റത്തിലെ തകരാറുകൾ മൂലം ഗുരുതരമായ പരാതികളിൽ കൃത്യസമയത്ത് അന്വേഷണം ആരംഭിക്കുന്ന നിരക്ക് മുൻവർഷത്തെ 91 ശതമാനത്തിൽ നിന്നും വെറും 44 ശതമാനത്തിലേക്ക് ഇടിഞ്ഞു.

ഈ ഗുരുതരമായ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ഡാറ്റയെ ചൈൽഡ് സേഫ്റ്റി മന്ത്രി അമാൻഡ കാം (Amanda Camm) തള്ളിക്കളഞ്ഞത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. ഈ കണക്കുകൾ താരതമ്യം ചെയ്യാൻ സാധിക്കുന്നതല്ലെന്നും ഐ.ടി പരിഹാര പ്രവർത്തനങ്ങൾക്ക് താൻ നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. കുട്ടികളുടെ സുരക്ഷയിൽ ആശങ്കയില്ലാത്ത മന്ത്രിയെ അടിയന്തിരമായി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് സ്റ്റീവൻ മൈൽസ് ആവശ്യപ്പെട്ടു. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതിനായി രൂപീകരിച്ച പ്രത്യേക കാബിനറ്റ് സബ് കമ്മിറ്റി രണ്ട് മാസത്തിനകം തങ്ങളുടെ അന്തിമ മറുപടി നൽകുമെന്ന് സർക്കാർ അറിയിച്ചു.

Metro Australia
maustralia.com.au