

ബ്രിസ്‌ബെയ്ൻ: ഓസ്‌ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്‌ലൻഡിൽ സർക്കാർ ശിശുക്ഷേമ-സുരക്ഷാ നിരീക്ഷണത്തിൽ (Child Safety) കഴിഞ്ഞിരുന്ന കുട്ടികളുടെ മരണനിരക്കിൽ ഒരു വർഷത്തിനിടെ 60 ശതമാനത്തോളം വർധനവ് രേഖപ്പെടുത്തിയതായി ഔദ്യോഗിക റിപ്പോർട്ട്. ക്വീൻസ്‌ലൻഡ് ഫാമിലി ആൻഡ് ചൈൽഡ് കമ്മീഷന്റെ (QFCC) 2025–26 സാമ്പത്തിക വർഷത്തെ വാർഷിക അവലോകന രേഖകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഈ കാലയളവിൽ സംസ്ഥാനത്ത് ആകെ മരിച്ച 452 കുട്ടികളിൽ 91 പേർ ചൈൽഡ് പ്രൊട്ടക്ഷൻ സംവിധാനത്തിന്റെ പരിഗണനയിലോ നിരീക്ഷണത്തിലോ ഉണ്ടായിരുന്നവരാണ്. കഴിഞ്ഞ വർഷം ഇത് 57 ആയിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.
സ്വാഭാവിക കാരണങ്ങളാൽ 312 കുട്ടികളും, അപകടങ്ങൾ ഉൾപ്പെടെയുള്ള ബാഹ്യ ഘടകങ്ങളാൽ 94 കുട്ടികളും മരിച്ചതായാണ് പ്രാഥമിക കണക്ക്. ഗ്രാമീണ മേഖലകളിൽ ക്വാഡ് ബൈക്ക് അപകടങ്ങൾ കുട്ടികൾക്ക് കടുത്ത ഭീഷണിയാകുന്നുണ്ട്. ഗുരുതരമായ പോഷകാഹാരക്കുറവും നിയന്ത്രിത ഭക്ഷണരീതികളും മൂലമുള്ള മരണങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്; പല കേസുകളിലും പശുവിൻ പാൽ മാത്രം നൽകി വളർത്തിയ കൊച്ചുകുട്ടികളാണ് അപായപ്പെട്ടത്. ഇതിനുപുറമെ, തദ്ദേശീയരായ (Aboriginal and Torres Strait Islander) 102 കുട്ടികളുടെ മരണവും ഇക്കാലയളവിൽ രേഖപ്പെടുത്തി. ക്വീൻസ്‌ലൻഡിലെ ശിശുസംരക്ഷണ സംവിധാനം സമ്പൂർണ്ണ പരാജയത്തിലേക്ക് നീങ്ങിയെന്ന് പ്രതിപക്ഷ നേതാവ് സ്റ്റീവൻ മൈൽസ് കുറ്റപ്പെടുത്തിയപ്പോൾ, കുട്ടികളുടെ സംരക്ഷണത്തിനായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മരണങ്ങളിൽ തുടരന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ വക്താവ് വ്യക്തമാക്കി.