

ക്വീൻസ്‌ലാൻഡ് സർക്കാർ 2026 മുതൽ നഴ്സിംഗ് ഡിപ്ലോമയ്ക്ക് 2,000 അധിക സൗജന്യ പരിശീലന സീറ്റുകൾ അനുവദിക്കുന്നതായി പ്രഖ്യാപിച്ചു. ഈ പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് എൻറോൾഡ് നഴ്‌സായി രജിസ്റ്റർ ചെയ്യാനും ക്വീൻസ്‌ലാൻഡിന്റെ ആരോഗ്യവും സാമൂഹിക പരിപാലന മേഖലയിലുമുള്ള തൊഴിൽ അവസരങ്ങൾ നേടാനും കഴിയും.
TAFE Queensland, CQUniversity, Mater Education എന്നീ സ്ഥാപനങ്ങളിലൂടെയാണ് ഈ സൗജന്യ പരിശീലനം നൽകുക. കെയിൻസിൽ നിന്ന് കൂളൻഗട്ട വരെ, മൗണ്ട് ഈസയിൽ നിന്ന് മക്കേയ് വരെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ളവർക്ക് ജോലിയോഗ്യമായ സൗജന്യ പരിശീലനം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ധനകാര്യ, വ്യാപാരം, തൊഴിൽ, പരിശീലനം വകുപ്പ് മന്ത്രി റോസ് ബേറ്റ്സ് പറഞ്ഞു. മുൻ നഴ്‌സായിരുന്ന തനിക്ക് നഴ്‌സുമാരുടെ പ്രാധാന്യം നന്നായി അറിയാമെന്നും, സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ പ്രതിസന്ധി പരിഹരിക്കാൻ ഈ പദ്ധതി സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
2028–29 ഓടെ ക്വീൻസ്‌ലാൻഡിലെ ആറ് പുതിയ ജോലികളിൽ ഒന്നെങ്കിലും ആരോഗ്യ മേഖലയിലായിരിക്കുമ്പോഴും, സൗജന്യ നഴ്സിംഗ് പരിശീലനത്തിനുള്ള ഫെഡറൽ ഫണ്ടിംഗ് മുമ്പത്തെ സർക്കാർ ഉറപ്പാക്കിയില്ലന്ന് മന്ത്രി വിമർശിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രിസാഫുള്ളി സർക്കാർ 2,000 അധിക സീറ്റുകൾക്ക് പൂർണ്ണ ധനസഹായം നൽകുന്നത്. പുതിയ പദ്ധതിയിലൂടെ പ്രാദേശികമായി പരിശീലനം നേടിയ ജോലി-യോഗ്യമായ നഴ്സുമാരുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കുമെന്നും ഇത് ആശുപത്രികളിലെ സമ്മർദ്ദം കുറയ്ക്കാനും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം ലഭ്യമാക്കാനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.