

ബ്രിസ്‌ബെയ്ൻ: വൺ നേഷൻ നേതാവ് പോളിൻ ഹാൻസന്റെ അടുത്ത അനുയായി ജെയിംസ് ആഷ്ബിക്ക് പാർട്ടിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് വിവരങ്ങൾ പുറത്ത്. പാർട്ടിയുമായി ബന്ധമുള്ള കമ്പനി ആഷ്ബിയുടെ സെൻട്രൽ ക്വീൻസ്‌ലൻഡിലെ ഭൂമിയിൽ 56,000 ഓസ്‌ട്രേലിയൻ ഡോളറിലേറെ ചെലവഴിച്ച് ഷെഡ് നിർമിച്ചതായാണ് രേഖകൾ വ്യക്തമാക്കുന്നത്. മുൻപ് ഹാൻസന്റെ ചീഫ് ഓഫ് സ്റ്റാഫായിരുന്ന ആഷ്ബി ഇപ്പോൾ വൺ നേഷന്റെ ദേശീയ ഡയറക്ടറാണ്. അദ്ദേഹത്തിന് പുതിയ ഫോർഡ് റേഞ്ചർ വാഹനവും ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ഹാൻകോക്ക് അഗ്രിക്കൾച്ചർ ചീഫ് എക്സിക്യൂട്ടീവ് ആദം ഗൈൽസ് ഏപ്രിലിൽ വൺ നേഷനു വേണ്ടി വാഹനം നൽകിയതാണെന്നാണ് വിവരം. അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടി പ്രചാരണ പ്രവർത്തനങ്ങൾക്ക് വാഹനം സഹായകരമാകുമെന്ന് ഹാൻസൻ പറഞ്ഞിരുന്നു.
ഗൈൽസിന്റെ തൊഴിലുടമയും ഓസ്‌ട്രേലിയയിലെ സമ്പന്നയായ വ്യക്തിയുമായ ജിന റൈൻഹാർട്ടുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ലഭിച്ച 20 ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ വിലമതിക്കുന്ന Cirrus വിമാനം ഉപയോഗിക്കുന്നവരിൽ പ്രധാനിയാണ് ആഷ്ബിയെന്നും റിപ്പോർട്ടുകൾ പറയുന്നു. റോക്ക്‌ഹാംപ്ടൺ വിമാനത്താവളത്തിലാണ് വിമാനം സൂക്ഷിച്ചിരിക്കുന്നത്. ആഷ്ബിയാണ് പ്രധാന പൈലറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കാർ പ്രചാരണത്തിനും പാർട്ടി ബ്രാഞ്ചുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നതെന്നും വിമാനം വ്യക്തിഗത യാത്രകൾക്കായി ഉപയോഗിക്കുന്നില്ലെന്നും ആഷ്ബി വ്യക്തമാക്കി. വ്യക്തിഗത ആവശ്യങ്ങൾക്ക് തനിക്ക് സ്വന്തമായി വാഹനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2025ൽ യീപ്പൂണിന് സമീപം ആഷ്ബി ഒരു ‘ലൈഫ്‌സ്റ്റൈൽ പ്രോപ്പർട്ടി’ വാങ്ങിയിരുന്നു. ലിവിങ്‌സ്റ്റോൺ ഷയറിൽ സമർപ്പിച്ച വികസന അപേക്ഷയിലാണ് പാർട്ടിയുമായി ബന്ധമുള്ള Small Batch Brewing Pty Ltd എന്ന കമ്പനി 56,706 ഡോളർ വിലയുള്ള ഷെഡിന്റെ വാങ്ങുന്നയാളായി രേഖപ്പെടുത്തിയിരിക്കുന്നത്. ആഷ്ബി, പോളിൻ ഹാൻസൻ, പാർട്ടിയുടെ ദേശീയ ട്രഷറർ അലക്സാണ്ടർ ജോൺസ് എന്നിവർ സംയുക്തമായി ഉടമസ്ഥത വഹിക്കുന്ന കമ്പനിയാണ് Small Batch Brewing. ക്രാഫ്റ്റ് ബ്രൂയിങ് സംരംഭമായി വിശേഷിപ്പിക്കപ്പെട്ടിരുന്നെങ്കിലും ഓസ്‌ട്രേലിയയിൽ മദ്യം വിൽക്കുന്നതിനുള്ള ലൈസൻസ് കമ്പനിക്ക് നിലവിൽ ഇല്ല. മദ്യം ഉൽപ്പാദിപ്പിക്കുന്നതിനാവശ്യമായ എക്സൈസ് ലൈസൻസും കമ്പനിക്കില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു.
ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്സ് കമ്മീഷൻ രേഖകൾ പ്രകാരം Small Batch Brewing-ന്റെ പ്രധാന ബിസിനസ് വിലാസം വിമാനത്താവളത്തിനടുത്തുള്ള വൺ നേഷന്റെ ബ്രിസ്‌ബെയ്ൻ ആസ്ഥാനമാണ്. ദേശീയ ഡയറക്ടർ സ്ഥാനത്തേക്ക് ആഷ്ബി എത്തിയതോടെ അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ വൺ നേഷൻ സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. യീപ്പൂണിൽ രണ്ടാമത്തെ ഇലക്ടറേറ്റ് ഓഫീസ് സ്ഥാപിക്കാൻ അനുമതി തേടി ഹാൻസൻ മേയിൽ ധനകാര്യ വകുപ്പിനെ സമീപിച്ചതും ഈ അഭ്യൂഹങ്ങൾക്ക് ശക്തി നൽകി. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ആഷ്ബി ‘ഇല്ല’ എന്നാണ് മറുപടി നൽകിയത്.