

ഓസ്‌ട്രേലിയയിലെ നാഷണൽസ് പാർട്ടി നേതാവ് മാറ്റ് കനവൻ അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ മധ്യ ക്വീൻസ്‌ലൻഡിലെ കാപ്രിക്കോർണിയ മണ്ഡലത്തിൽ മത്സരിക്കുമെന്ന് സ്ഥിരീകരിച്ചു. അതേസമയം, വൺ നേഷൻ നേതാവ് പൗളിൻ ഹാൻസണും പാർട്ടി നേതാവ് ജെയിംസ് ആഷ്ബിയും ഈ മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി. നിലവിലെ ലിബറൽ നാഷണൽ പാർട്ടി (എൽഎൻപി) എംപി മിഷേൽ ലാൻഡ്രി 2028ലെ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കനവന്റെ തീരുമാനം. മണ്ഡലം സഖ്യത്തിന്റെ കൈവശം നിലനിർത്തേണ്ടത് പ്രധാനമാണെന്ന് ദി കൊറിയർ മെയിലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. "ഈ പ്രഖ്യാപനം നിങ്ങളെ അത്ഭുതപ്പെടുത്തില്ലെന്ന് കരുതുന്നു. എന്നാൽ ശ്രമിക്കാതെ പിന്മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയമായി ഞാൻ പരാജയപ്പെട്ടേക്കാം, പക്ഷേ ശ്രമിക്കാതെ പിന്മാറില്ല. എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും," കനവൻ പറഞ്ഞു.
കഴിഞ്ഞ 13 വർഷമായി സെനറ്ററായിരുന്ന കനവൻ, 2028ൽ ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ സെനറ്റ് സ്ഥാനം രാജിവയ്ക്കേണ്ടിവരും. അദ്ദേഹം കാപ്രിക്കോർണിയയിൽ മത്സരിച്ചേക്കുമെന്ന് നേരത്തേ തന്നെ രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. വൺ നേഷനും ഈ മണ്ഡലത്തിൽ മത്സരിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അഭിപ്രായ സർവേകളിലെ മികച്ച പ്രകടനവും കാപ്രിക്കോർണിയയിൽ പാർട്ടിയുടെ പുതിയ ശാഖ ആരംഭിച്ചതുമാണ് ഇതിന് പിന്നിലെ സൂചനകളായി വിലയിരുത്തപ്പെട്ടത്. എന്നാൽ തിങ്കളാഴ്ച ഹാൻസണും ആഷ്ബിയും മണ്ഡലത്തിൽ മത്സരിക്കില്ലെന്ന് അറിയിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയിലെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്താനാണ് വൺ നേഷന്റെ തീരുമാനം.
കാപ്രിക്കോർണിയ അടുത്ത തിരഞ്ഞെടുപ്പിലെ പ്രധാന പോരാട്ടമണ്ഡലങ്ങളിലൊന്നായി മാറിയേക്കും. ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ വൺ നേഷന്റെ സ്വാധീനം വർധിക്കുന്നതും നാഷണൽസ് പാർട്ടിക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികളും ഈ മണ്ഡലത്തിലെ ഫലത്തെ ശ്രദ്ധേയമാക്കും. റോക്ക്‌ഹാംപ്ടൺ മുതൽ യെപ്പൂൺ വരെ വ്യാപിച്ചുകിടക്കുന്ന മധ്യ ക്വീൻസ്‌ലൻഡിലെ ഖനന-കാർഷിക മേഖലയിലെ 90,000 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശമാണ് കാപ്രിക്കോർണിയ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. മണ്ഡലത്തിന്റെ ചരിത്രത്തിൽ ഭൂരിഭാഗം കാലവും ലേബർ പാർട്ടിയാണ് വിജയിച്ചിട്ടുള്ളത്. 1966ലും 1996ലും മാത്രമാണ് ലേബറിന് മണ്ഡലം നഷ്ടമായത്.
2013ൽ വിജയിച്ച മിഷേൽ ലാൻഡ്രി പിന്നീട് തുടർച്ചയായി മണ്ഡലം നിലനിർത്തി. രാഷ്ട്രീയത്തിൽനിന്ന് വിരമിക്കാനും വീണ്ടും മത്സരിക്കാതിരിക്കാനും തീരുമാനിച്ചത് വ്യക്തിപരമായ കാരണങ്ങളാലാണെന്നും ആരും തന്നെ പുറത്താക്കാൻ ശ്രമിച്ചിട്ടില്ലെന്നും അവർ നേരത്തേ വ്യക്തമാക്കിയിരുന്നു. വൺ നേഷനുമായുള്ള തന്റെ അനുഭവങ്ങൾ പലതും സുഖകരമായിരുന്നില്ലെന്നും ഹാൻസൺ മണ്ഡലത്തിൽ മത്സരിക്കാൻ ശ്രമിച്ചാൽ വോട്ടർമാർ ജാഗ്രത പാലിക്കണമെന്നും ലാൻഡ്രി മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രിസ്ബേനിൽ ജനിച്ച ഹാൻസൺ 2016ലാണ് ക്വീൻസ്‌ലൻഡിൽനിന്ന് സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്. 1996ൽ ബ്രിസ്ബേനിലെ ഓക്സ്ലി മണ്ഡലത്തിൽനിന്ന് ജനപ്രതിനിധി സഭയിലെത്തിയെങ്കിലും രണ്ടുവർഷത്തിനുശേഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.